കശ്മീരിലെ കാർക്കശ്യം ഡൽഹിയിലില്ല, അമിത് ഷാ നീറോ ചക്രവർത്തിയാണോ ?

റോമാ നഗരം കത്തുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിയോടാണ് ഡല്‍ഹിയിലെ അധികാര കേന്ദ്രങ്ങളെ വിലയിരുത്തേണ്ടത്.

രാജ്യ തലസ്ഥാനം നിന്നു കത്തുമ്പോള്‍ ആ തീ കെടുത്താന്‍ ഫലപ്രദമായ ഒരു നടപടിയും ഇവിടെ സ്വീകരിക്കപ്പെട്ടിരുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ തുടങ്ങിയത് തന്നെ വളരെ വൈകിയാണ്. അതും നിരവധി പേര്‍ കൊല്ലപ്പെട്ടതിന് ശേഷം മാത്രം. ഈ പാപക്കറയില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ മോദിക്കും അമിത് ഷാക്കും ഒരിക്കലും കഴിയുകയില്ല. കാരണം ഡല്‍ഹിയില്‍ പൊലീസിനെയും പട്ടാളത്തെയുമെല്ലാം നിയന്ത്രിക്കുന്നത് കേന്ദ്ര സര്‍ക്കാരാണ്.

രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടേയും എല്ലാം മൂക്കിന് താഴെയാണ് അക്രമികള്‍ അഴിഞ്ഞാടിയിരിക്കുന്നത്.

കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും എണ്ണം ഇപ്പോള്‍ പുറത്ത് വന്നതിലും അധികമാണ്. വെടിയുണ്ടയേറ്റ് മണിക്കൂറുകളോളം തെരുവില്‍ പിടഞ്ഞ ബാലനെ ആശുപത്രിയിലെത്തിക്കാന്‍ പോലും പൊലീസ് വാഹനം മാധ്യമ പ്രവര്‍ത്തകര്‍ക്ക് തടയേണ്ടി വന്നു. ജാതിയും മതവും ചോദിച്ചും പരിശോധിച്ചും ചേരി തിരഞ്ഞ് നടത്തുന്ന ഈ കലാപം, രാജ്യത്തിന്റെ മതനിരപേക്ഷതയെയാണ് തകര്‍ക്കുന്നത്.

രാജ്യതലസ്ഥാനത്ത് പൗരത്വ നിയമ അനുകൂലികളും പ്രതികൂലികളും തമ്മിലുള്ള സംഘര്‍ഷം തുടരുക തന്നെയാണ്.

ബജന്‍പുര, ജാഫറാബാദ്, മൗജ്പുര്‍, ഗോകുല്‍പുരി, ഭജന്‍പുര ചൗക്ക് എന്നിവടങ്ങളിലാണ് പൗരത്വനിയമത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും പരസ്പരം ഏറ്റുമുട്ടിയിരിക്കുന്നത്.

ഡല്‍ഹിയില്‍ പടര്‍ന്ന തീ മറ്റു സംസ്ഥാനങ്ങളിലേക്ക് പടരാതിരിക്കാന്‍ അതീവ ജാഗ്രത അനിവാര്യമാണ്. എരിതീയില്‍ എണ്ണ ഒഴിക്കുന്ന വാര്‍ത്തകള്‍ മാധ്യമങ്ങളും നല്‍കാതിരിക്കുന്നതാണ് ഉചിതം. സോഷ്യല്‍ മീഡിയയെ കലാപത്തിനായി ഉപയോഗപ്പെടുത്തുന്നതിനെതിരെയും കര്‍ശന നടപടി അനിവാര്യമാണ്.

ഡല്‍ഹിയില്‍ മുന്‍പെ പുകഞ്ഞ പ്രതിഷേധം പൊട്ടിത്തെറിയില്‍ കലാശിക്കുമെന്ന് തിരിച്ചറിഞ്ഞില്ലന്ന് പറഞ്ഞാല്‍ അത്, വിശ്വസിക്കാന്‍ എന്തായാലും പ്രയാസമാണ്.

ജമ്മു കശ്മീരിലെ പ്രത്യേക അവകാശം എടുത്ത് കളഞ്ഞ സര്‍ക്കാറാണ് മോദി സര്‍ക്കാര്‍. ഇതിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളെ നേരിട്ട രീതിയും ഈനാട് കണ്ടതാണ്.

amithsha

amithsha

എന്നാല്‍ ഡല്‍ഹിയുടെ കാര്യത്തില്‍ അങ്ങനെ ഒന്നും തന്നെ ഉണ്ടായിട്ടില്ല. 24 മണിക്കൂറിനുള്ളില്‍ എത്ര യോഗം അമിത് ഷാ വിളിച്ചു എന്നതിലല്ല, എന്ത് നടപടി സ്വീകരിച്ചു എന്നതിലാണ് കാര്യം.

ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടാല്‍ തീരുന്നതാണോ ഡല്‍ഹി പൊലീസിന്റെ മനോവീര്യം? ഈ ചോദ്യത്തിനുള്ള മറുപടിയും അധികൃതര്‍ നല്‍കേണ്ടതുണ്ട്.

രാജ്യത്തെ മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത അധികാരമാണ് ഡല്‍ഹി പൊലീസിനുള്ളത്. അക്രമികളെ വെടിവെക്കാന്‍ ഒരു കളക്ടറുടേയും അനുമതി ആവശ്യമില്ല. ഇന്റലിജന്‍സ് സംവിധാനവും ഡല്‍ഹിയില്‍ അതിശക്തമാണ്. മറ്റു സംസ്ഥാനങ്ങളില്‍ വരെ പോയി ക്രിമിനലുകളെയും ഭീകരരെയും പൊക്കി കൊണ്ടുവരുന്ന സേന കൂടിയാണിത്.

ഇവിടെയാണ് ഗൗരവമായ ചില വിലയിരുത്തലുകള്‍ പ്രസക്തമാകുന്നത്.

അമേരിക്കന്‍ പ്രസിഡന്റ് രാജ്യത്തുണ്ടാകുമ്പോഴാണ് ഡല്‍ഹിയില്‍ കലാപം പൊട്ടി പുറപ്പെട്ടിരിക്കുന്നത്. അതിന് മുന്‍പ് തന്നെ സംഘര്‍ഷങ്ങള്‍ തുടങ്ങിയിരുന്നു. ഉത്തരവാദിത്തപ്പെട്ട നേതാവ് തന്നെ എരിതീയില്‍ എണ്ണ ഒഴിക്കുന്ന സാഹചര്യവും ഉണ്ടായി.

പൊലീസിന് ശക്തമായ നടപടി സ്വീകരിക്കാമായിരുന്ന ഘട്ടമായിരുന്നു ഇതെല്ലാം. അങ്ങനെ അവര്‍ ചെയ്തിരുന്നു എങ്കില്‍ ഒരിക്കലും ഡല്‍ഹി കത്തില്ലായിരുന്നു.

പുകഞ്ഞത് ‘പൊട്ടി’ തന്നെ തീരണം എന്ന് ഉന്നതര്‍ ആഗ്രഹിച്ചത് പോലെയാണ് കാര്യങ്ങള്‍ നീങ്ങിയിരിക്കുന്നത്. ഈ നിഷ്‌ക്രിയത്വമാണ് നാടിന് ആപത്ത്.

ട്രംപിന്റെ സന്ദര്‍ശനം റിപ്പോര്‍ട്ട് ചെയ്യാന്‍ ഇന്ത്യയിലെത്തിയ മാധ്യമങ്ങള്‍ കലാപ വാര്‍ത്തയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അന്താരാഷ്ട്ര സമൂഹത്തിനു മുന്നില്‍ രാജ്യത്തെ നാണം കെടുത്തുന്ന സംഭവമാണിത്.

സി.എ.എക്ക് എതിരെ ഷഹീന്‍ ബാഗില്‍ ഉള്‍പ്പെടെ നടക്കുന്ന സമരങ്ങളുടെ കാര്യത്തില്‍ കോടതി തീരുമാനം വരുന്നതിന് മുന്‍പാണ് കലാപമുണ്ടാക്കിയിരിക്കുന്നത് എന്നതുകൂടി നാം മനസ്സിലാക്കേണ്ടതുണ്ട്.

വര്‍ഗ്ഗീയ കലാപത്തിന് തിരികൊളുത്തിയവര്‍ക്ക് അതൊരിക്കലും കെടുത്താന്‍ കഴിയുകയില്ല. സര്‍വ്വനാശം വിതച്ചതിന് ശേഷമേ അത് അവസാനിക്കുകയുള്ളൂ. അതാണ് ചരിത്രവും. ഗുജറാത്ത് ഉള്‍പ്പെടെ, ഉദാഹരണങ്ങള്‍ അനവധിയാണ് നമുക്ക് മുന്നിലുള്ളത്.

രാഷ്ട്രിയ സംഘര്‍ഷങ്ങള്‍ നിയന്ത്രണ വിധേയമാക്കാം. അതിന് ബന്ധപ്പെട്ട പാര്‍ട്ടി നേതൃത്വങ്ങള്‍ മാത്രം തീരുമാനിച്ചാല്‍ മതിയാകും. എന്നാല്‍ വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ തടയാന്‍ രാഷ്ട്രീയ – മത നേതൃത്വങ്ങള്‍ക്ക് പോലും പരിമിതികള്‍ ഉണ്ടാകും. വികാരം കത്തിച്ച് വിടുന്നവര്‍ ഓര്‍ക്കാതെ പോയതും അതാണ്. നിങ്ങളെയും ചാമ്പലാക്കുന്ന രീതിയിലേക്കാണ് വര്‍ഗ്ഗീയ കലാപങ്ങള്‍ മാറുക.

ഒരു കലാപവും ഏകപക്ഷീയമാവില്ല, നഷ്ടം രണ്ട് വിഭാഗത്തിനും ഉണ്ടാകും. വ്യാപ്തിയില്‍ മാത്രമാണ് വ്യത്യാസം ഉണ്ടാകുക. ഇക്കാര്യവും മറന്ന് പോകരുത്. ഇവിടെ ബലിയാടാക്കപ്പെട്ടവരെല്ലാം പാവങ്ങളാണ്, നിരപരാധികളാണ് കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷവും. തെരുവില്‍ ചിതറിയ ആ രക്തത്തിന് എന്ത് പരിഹാരക്രിയ ചെയ്താലും മതിയാവുകയില്ല.

എത്ര കോടിയുടെ നഷ്ടമാണ് ഉണ്ടായതെന്ന് തിട്ടപ്പെടുത്താനും ഇപ്പോഴത്തെ സാഹചര്യത്തില്‍ കഴിയുകയില്ല. പൊതു സ്വത്തുക്കളും വീടുകളും സ്ഥാപനങ്ങളും വാഹനങ്ങളുമെല്ലാം അഗ്നിക്കിരയായിട്ടുണ്ട്. കച്ചവട സ്ഥാപനങ്ങളുള്‍പ്പെടെ കൊള്ളയടിക്കപ്പെട്ട സാഹചര്യവും വ്യാപകമാണ്.

കിഴക്കന്‍ ഡല്‍ഹിയെ വിഴുങ്ങിയ തീ നാളങ്ങള്‍ നല്‍കുന്ന സൂചന തന്നെ ഞെട്ടിക്കുന്നതാണ്. ജീവന് വേണ്ടി പിടയുന്നവരെ ആശുപത്രിയിലാക്കാന്‍ പോലും സമ്മതിക്കാതെയാണ് അക്രമികള്‍ കലി തുള്ളുന്നത്. ആധുനിക ഇന്ത്യയുടെ ഭയപ്പെടുത്തുന്ന മുഖംകൂടിയാണിത്.

മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് മാര്‍ക്‌സിയന്‍ തത്ത്വ ശസ്ത്രത്തിന്റെ ശില്പിയായ കാള്‍ മാര്‍ക്‌സ് പറഞ്ഞത് ഈ സാഹചര്യത്തിലാണ് നാം ഓര്‍ത്തുപോകുന്നത്.

ഈ ആധുനിക കാലഘട്ടത്തിലും മാര്‍ക്‌സിന്റെ വാക്കുകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്.

അദ്ദേഹം ചൂണ്ടിക്കാണിച്ചതു പോലെ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് അഭയവും ഹൃദയം നഷ്ടപ്പെട്ട ലോകത്തിന്റെ ഹൃദയവും ആത്മാവില്ലാത്ത അവസ്ഥയുടെ ആത്മാവുമായാണ് മതങ്ങള്‍ മാറേണ്ടിയിരിക്കുന്നത്. തമ്മില്‍ പോരടിക്കുന്നവരെ സമൂഹം പഠിപ്പിക്കേണ്ടതും ഇക്കാര്യങ്ങളാണ്.

വര്‍ഗ്ഗ രഹിതമായ ഒരു സമൂഹം കെട്ടിപ്പടുക്കാന്‍ സമരം നടത്തുന്ന കമ്യൂണിസ്റ്റുകള്‍ ലക്ഷ്യമിടുന്നത് ആത്യന്തികമായി ചൂഷകരെയാണ്. ഇക്കാര്യത്തില്‍ ജാതി -മത, വര്‍ണ്ണ വ്യത്യസങ്ങള്‍ ഒന്നും തന്നെയില്ല. കണ്ടുപഠിക്കേണ്ട മാതൃകയാണിത്.

എന്നാല്‍ രാജ്യത്തെ മറ്റു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം മത രാഷ്ട്രീയമാണ് പയറ്റികൊണ്ടിരിക്കുന്നത്. 2 സീറ്റില്‍ നിന്നും മൃഗീയ ഭൂരിപക്ഷത്തിന് ഇന്ത്യ ഭരിക്കാന്‍ ബി.ജെ.പിയെ പ്രാപ്തനാക്കിയതും ഈ രാഷ്ട്രീയമാണ്. ഇപ്പോള്‍ ഡല്‍ഹിയില്‍ ഉയരുന്ന കലാപ തീയും മത രാഷ്ട്രീയത്തിന്റെ ഉല്‍പ്പന്നമാണ്. പട്ടിണിയും ദാരിദ്യവും തൊഴിലില്ലായ്മയും എല്ലാം ഇവിടെ അപ്രസക്തമാണ്. വൈകാരികത മാത്രമാണ് പ്രകോപിത ജനക്കൂട്ടത്തെ നയിക്കുന്ന ഒറ്റവികാരം. അതിനു വേണ്ടിയാണ് അവര്‍ ആയുധമേന്തുന്നതും തെരുവില്‍ ചോര ചീന്തുന്നതും. ഒടുവില്‍ എല്ലാം അവസാനിക്കുമ്പോള്‍ പറ്റിപ്പോയി എന്ന് വിലപിക്കേണ്ട അവസ്ഥ മാത്രമാണ് അവശേഷിക്കുക.

ഗുജറാത്ത് കലാപത്തില്‍ സംഹാര താണ്ഡവമാടിയ അശോക് മോച്ചി എന്ന യുവാവിനെ രാജ്യത്തിന് ഒരിക്കലും മറക്കാന്‍ കഴിയുകയില്ല. ഭീകരതയുടെ അടയാളമായ ആ മുഖം അന്ന് ചെയ്ത തെറ്റിന് ഇന്ന് സ്വയം പശ്ചാതപിക്കുകയാണ്.

ഗുജറാത്ത് കലാപകാലത്ത് നമ്മെ കരളലിയിപ്പിച്ച മറ്റൊരു ചിത്രമാണ് കുത്തുബുദ്ദീന്‍ അന്‍സാരിയുടെത്. അക്രമികള്‍ക്ക് മുന്നില്‍ ജീവനു വേണ്ടി കൈകൂപ്പി അപേക്ഷിക്കുന്ന ആ ഫോട്ടോ ഇന്നും ഒരു നൊമ്പരമാണ്. ഇത്തരം കാഴ്ചകള്‍ ഇപ്പോള്‍ ഡല്‍ഹികലാപമുഖത്തും ദൃശ്യമാണ്. അതെ, ചരിത്രം ആവര്‍ത്തിക്കുകയാണ്. മാറുന്ന ഇന്ത്യയുടെ മാറാത്ത മുഖമായി, വീണ്ടും അശോക് മേച്ചിമാരും കുത്തുബുദ്ദീന്‍ അന്‍സാരിമാരും പിറന്നിരിക്കുകയാണ്. ഭീതിപ്പെടുത്തുന്ന കാഴ്ചയാണിത്.

ഈ പോക്കു പോയാല്‍ ഡല്‍ഹിയില്‍ പടര്‍ന്ന കലാപ തീ നമ്മുടെ ഓരോരുത്തരുടെയും വീടുകളിലേക്കും പടരുന്ന കാലം വിദൂരമല്ല. മതത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ ഭിന്നിച്ചാല്‍ രാജ്യമാണ് തകരുക. നമ്മുടെ സംസ്‌കാരവും പൈതൃകവുമാണ് ചോരയില്‍ മുങ്ങി ഇല്ലാതാവുക. അത്തരമൊരു സാഹചര്യം ഒഴിവാക്കാന്‍ മതനിരപേക്ഷ മനസ്സുകളാണ് മുന്‍കൈ എടുക്കേണ്ടത്.

വര്‍ഗ്ഗീയത, അത് ഭൂരിപക്ഷത്തിന്റെയായാലും ന്യൂനപക്ഷത്തിന്റെയായാലും ഒരു പോലെതന്നെ എതിര്‍ക്കപ്പെടേണ്ടതാണ്. അക്കാര്യത്തില്‍ ഒരു സംശയവും ആര്‍ക്കും തന്നെ ഉണ്ടാവേണ്ടതില്ല.

Staff Reporter

Top