ഡല്‍ഹി കലാപം; പ്രിയപ്പെട്ടവരെ തിരഞ്ഞ് ജനം മോര്‍ച്ചറികള്‍ക്ക് മുന്നില്‍!

നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ നടന്ന കലാപങ്ങളില്‍പ്പെട്ട മൂന്ന് പേരുടെ മൃതദേഹങ്ങള്‍ ഓടകളില്‍ നിന്നും കണ്ടെത്തിയതോടൊപ്പം പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തതോടെ മരണസംഖ്യ 42 ആയി ഉയര്‍ന്നിരുന്നു. ജിടിബി ഹോസ്പിറ്റലില്‍ മരിച്ചും, പരുക്കേറ്റും എത്തിയ 38 പേര്‍ക്ക് പുറമെ 3 പേര്‍ ലോക് നായക് ആശുപത്രിയിലും, ഒരാള്‍ ജഗ് പ്രവേശ് ചന്ദ്ര ഹോസ്പിറ്റലിലുമാണ് മരിച്ചത്.

പുരുഷന്‍മാര്‍ തന്നെയാണ് പ്രധാനമായും മരണമടഞ്ഞത്. അക്രമസംഭവങ്ങള്‍ നടന്നതോടെ കാണാതായവരെ കണ്ടെത്താന്‍ കുടുംബാംഗങ്ങള്‍ ഗുരു ജേത് ബഹാദൂര്‍ ഹോസ്പിറ്റലിലെ മോര്‍ച്ചറിക്ക് മുന്നിലാണ് അവസാനം എത്തിച്ചേരുന്നത്. എന്നാല്‍ മോര്‍ച്ചറിയില്‍ തിരിച്ചറിയപ്പെടാതെ കിടക്കുന്ന മൃതദേഹങ്ങള്‍ പലര്‍ക്കും അനിശ്ചിതാവസ്ഥയാണ് സമ്മാനിക്കുന്നത്.

24കാരനായ മൊഹ്‌സിന്‍ അലിയെ തേടിയെത്തിയ കുടുംബം ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയെന്ന് വിശ്വസിച്ച് പേപ്പര്‍ ജോലികള്‍ പൂര്‍ത്തിയാക്കി. എന്നാല്‍ തൊട്ടടുത്ത ദിവസം ഇത് അലിയുടെ മൃതദേഹമല്ലെന്ന് ഇവര്‍ തിരിച്ചറിഞ്ഞു. പിന്നീട് മൊഹ്‌സിന്റെ കാര്‍ കത്തിച്ചാമ്പലായ നിലയില്‍ കണ്ടെത്തി. ഇതിന് സമീപം കിടന്ന കത്തിക്കരിഞ്ഞ മൃതദേഹം ആരുടേതാണെന്ന് ഡിഎന്‍എ പരിശോധനയില്‍ മാത്രമാണ് വ്യക്തമാകുക.

ജിടിബി മോര്‍ച്ചറിയിലുള്ള ആറ് മൃതദേഹങ്ങള്‍ ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല. കലാപത്തിന് ഇടെ കാണാതായ പ്രിയപ്പെട്ടവരെ തേടിയുള്ള അന്വേഷണം മോര്‍ച്ചറികള്‍ക്ക് മുന്നിലെത്തുന്നത് ഇവര്‍ക്ക് ഹൃദയംതകര്‍ക്കുന്ന അനുഭവമാണ്. മോര്‍ച്ചറികള്‍ക്ക് മുന്നിലെ കാഴ്ചകള്‍ കണ്ടുനില്‍ക്കുന്നവര്‍ക്കും വേദനാജനകമാകും.

Top