പ്രാചയുടെ ഓഫീസില്‍ പൊലീസ് റെയ്ഡ്; ഒറ്റക്കെട്ടായി പോരാടണമെന്ന് പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി: ഡല്‍ഹി കലാപ കേസില്‍ ഇരകള്‍ക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍ മഹ്മൂദ് പ്രാചയുടെ ഓഫീസില്‍ പൊലീസിന്റെ പ്രത്യേക സംഘം റെയ്ഡ് നടത്തി. ഡല്‍ഹി കേസിന് പുറമെ ഒട്ടേറെ യുഎപിഎ കേസുകളിലെ പ്രതികള്‍ക്ക് വേണ്ടിയും പ്രാചയും അദ്ദേഹത്തിന്റെ ലീഗല്‍ ആക്സിസ് എന്ന ഗ്രൂപ്പും ഹാജരാകുന്നുണ്ട്. കലാപക്കേസില്‍ കോടതിയില്‍ ഹാജരായ പ്രാച വ്യാജ രേഖയുണ്ടാക്കി എന്ന് പൊലീസ് അടുത്തുടെ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് റെയ്ഡ്.

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട 150 കേസുകളാണ് ലീഗല്‍ ആക്‌സിസ് സംഘം കൈകാര്യം ചെയ്യുന്നത്. വിദ്യാര്‍ഥി ഗുല്‍ഫിഷ ഫാത്തിമക്കെതിരായ യുഎപിഎ കേസും ഇവരാണ് നോക്കുന്നത്.

ഓഫീസിലെത്തിയ പോലീസ് സംഘം കവാടം അടച്ച് മണിക്കൂറുകളോളം പരിശോധന നടത്തി. വൈകീട്ട് ബാല്‍കെണിയിലൂടെ പ്രാച പുറത്തുള്ളവരുമായി സംസാരിക്കുകയായിരുന്നു. തന്റെ ഫോണ്‍ പിടിച്ചുവാങ്ങിയെന്നും ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. എന്തു വന്നാലും ഭരണഘടനയും നിയമവും വിജയിക്കുക തന്നെ ചെയ്യും, കലാപത്തിലെ ഓരോ ഇരകള്‍ക്കും നീതി കിട്ടുന്നത് വരെ പോരാടുമെന്നും മഹ്മൂദ് പ്രാച വ്യക്തമാക്കി. ഓഫീസില്‍ നിന്ന് പൊലീസ് പിടിച്ചെടുത്ത വസ്തുക്കള്‍ തിരികെ കിട്ടണം എന്നാവശ്യപ്പെട്ട് പ്രാചയുടെ സഹപ്രവര്‍ത്തകര്‍ കോടതിയെ സമീപിച്ചിട്ടുണ്ട്.

പൊലീസ് റെയ്ഡിനെതിരെ ദില്ലിയിലെ പ്രമുഖ അഭിഭാഷകര്‍ രംഗത്തുവന്നു. അഭിഭാഷകര്‍ക്കെതിരായ ആക്രമണമാണ് നടന്നിരിക്കുന്നതെന്ന് ഇന്ദിര ജയ്സിങ് പ്രതികരിച്ചു. എല്ലാ അഭിഭാഷകരും ഇതിനെതിരെ രംഗത്തുവരണമെന്നും അവര്‍ ആവശ്യപ്പെട്ടു. അഭിഭാഷകരുടെ രേഖകള്‍ കൈവശപ്പെടുത്താനുള്ള നീക്കമാണ് നടന്നിരിക്കുന്നതെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ചന്ദര്‍ ഉദയ് പറഞ്ഞു.

കൃത്യമായ ഗൂഡാലോചനയുടെ ഭാഗമാണ് റെയ്ഡ് എന്ന് പ്രശാന്ത് ഭൂഷണ്‍ പ്രതികരിച്ചു. ‘ആദ്യം അവര്‍ ആക്ടിവിസ്റ്റുകളെ തേടിയെത്തി. പിന്നീട് വിദ്യാര്‍ഥികളെ, ശേഷം കര്‍ഷകരെ, ഇപ്പോള്‍ അഭിഭാഷകരെയും. നാളെ നിങ്ങളെയും തേടിയെത്തും. ഒറ്റക്കെട്ടായി പോരാടാണം” പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.

Top