ഡല്‍ഹിക്കാശ്വാസം; യമുനയിലെ ജലനിരപ്പ് കുറഞ്ഞതോടെ പ്രധാന പാതകളില്‍ വെള്ളക്കെട്ട് നീങ്ങി

ന്യൂഡല്‍ഹി: ഡല്‍ഹിക്കാശ്വാസം യമുന നദിയിലെ ജലനിരപ്പ് കുറയുന്നു. നിലവില്‍ 205.5 മീറ്റര്‍ ആണ് യമുന നദിയിലെ ജലനിരപ്പ്. വരുന്ന മണിക്കൂറുകളില്‍ 5 സെന്റീമീറ്റര്‍ മുതല്‍ 15 സെന്റീമീറ്റര്‍ വരെ ജലനിരപ്പ് കുറയുമെന്ന് കേന്ദ്ര ജല കമ്മീഷന്‍ അറിയിച്ചു. ഇതോടെ ജലനിരപ്പ് അപകടം നിലയ്ക്ക് താഴെയെത്തും. 5 ദിവസത്തിനുശേഷമാണ് യമുന നദിയിലെ ജലനിരപ്പ് അപകട നിലയ്ക്ക് താഴെ എത്തുന്നത്.

നദിയിലെ വെള്ളം കുറയുന്നതോടെ, ഡല്‍ഹിയിലെ പ്രധാന റോഡുകളിലെ വെള്ളക്കെട്ടിനും പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞദിവസം മുതല്‍ റോഡുകളിലെ വെള്ളക്കെട്ട് പമ്പുകള്‍ ഉപയോഗിച്ച് നീക്കം ചെയ്യാന്‍ ആരംഭിച്ചിരുന്നു. അതേസമയം പ്രളയബാധിതമായ ആറ് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ഈ മാസം പതിനെട്ട് വരെ അവധി നീട്ടി. പ്രളയബാധിതര്‍ക്ക് പതിനായിരം രൂപ സര്‍ക്കാര്‍ സഹായ ധനം പ്രഖ്യാപിച്ചു. ഐടിഒ അടക്കം പല മേഖലകളിലും വെള്ളക്കെട്ട് തുടരുകയാണ്. ഇതിനിടെ പ്രളയത്തെ ചൊല്ലി എഎപി, ബിജെപി പോര് രൂക്ഷമാണ്.

Top