നിയമങ്ങള്‍ പാലിക്കുന്നില്ല; റെയില്‍വേ അപകടങ്ങളുടെ കണക്ക് ഞെട്ടിപ്പിക്കുന്നത്‌

ന്യൂഡല്‍ഹി: 61 പേരാണ് അമൃത്സര്‍ ട്രെയിന്‍ അപകടത്തില്‍ ജീവന്‍ നഷ്ടമായത്. എന്നാല്‍ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടയിലും മറ്റും ഉണ്ടായ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ കണക്കെടുത്താല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കഴിഞ്ഞ 33 മാസങ്ങളിലായി 4,661 പേരാണ് പാളം മുറിച്ചു കടക്കുന്നതിനിടയില്‍ മാത്രം മരണപ്പെട്ടത്.

അനുവദനീയമല്ലാത്ത പ്രദേശങ്ങളിലെ റയില്‍വേ ട്രാക്ക് മുറിച്ചു കടക്കുന്നത് നിയമവിരുദ്ധമാണ്. റയില്‍വേ പരിസരത്ത് അനുമതിയില്ലാതെ കടക്കുന്നതും അനധികൃത കടന്നുകയറ്റത്തിന്റെ പരിധിയില്‍ വരും. 1989 റെയില്‍വേ ആക്ടിന്റെ 147ാം വകുപ്പ് പ്രകാരമാണ് വിഷയത്തില്‍ കേസെടുക്കുക. റെയില്‍വേ പോലീസിന്റെ കണക്കു പ്രകാരം ഈ വര്‍ഷം ജനുവരി മുതല്‍ സെപ്തംബര്‍ വരെ 1,212 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അനധികൃതമായ കടന്നുകയറ്റമാണ് 6570 ശതമാനം വരെ മരണങ്ങള്‍ക്കും കാരണം. 1112 ശതമാനമാണ് സ്ത്രീകളുടെ മരണസംഖ്യ. 1064 പുരുഷന്മാരും 148 സ്ത്രീകളും ഇത്തരത്തില്‍ മരണപ്പെട്ടിട്ടുണ്ട്.

വെസ്റ്റേണ്‍ റെയില്‍വേയിനേക്കാള്‍ കേന്ദ്ര റെയില്‍വേയിലാണ് ഏറ്റവുമധികം മരണ സംഖ്യ രേഖപ്പെടുത്തിയത്.കേന്ദ്ര റെയില്‍വേയുടെ കണക്കനുസരിച്ച് 777 പേരാണ് ഇക്കൊല്ലം മരണമടഞ്ഞത്. താനെ, ദോംബിവാലി, കുര്‍ല എന്നിവിടങ്ങളിലായാണ് ഏറ്റവുമധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ശരാശരി 200 പേരാണ് ഈ പ്രദേശങ്ങളില്‍ ഓരോ വര്‍ഷവും മരണപ്പെടുന്നത്. വെസ്റ്റേണ്‍ റെയില്‍വേയുടെ പരിധിയില്‍ 435 പേര്‍ അപകടങ്ങളില്‍ മരണപ്പെട്ടു. ബോറിവാലി, വസായ്, പല്‍ഗാര്‍ എന്നിവിടങ്ങളിലാണ് ഏറ്റവുമധികം മരണം നടന്നത്.

എന്നാല്‍ 2016നെ അപേക്ഷിച്ച ചെറിയ വ്യത്യാസം 2017ല്‍ ഉണ്ടായിട്ടുണ്ട്. 1798 ആയിരുന്ന മരണ സംഖ്യ 1651 ആയി കുറഞ്ഞു. ജയില്‍ ശിക്ഷ, പിഴ തുടങ്ങിയവയാണ് അനധികൃത കടന്നുകയറ്റക്കാര്‍ക്ക് വിധിച്ചികരിക്കുന്നത്.

1000 രൂപ വരെ പിഴയും ആറ് മാസം വരെ തടവും ഇത്തരക്കാര്‍ക്ക് ശിക്ഷ ലഭിക്കാം. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സര്‍ക്കാര്‍ വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ ഈ മേഖലയില്‍ നടത്തി വരുന്നുണ്ട്. എന്നാല്‍ ജനങ്ങള്‍ നിയമങ്ങള്‍ മനപ്പൂര്‍വ്വം നിരസിക്കുകയാണെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.

Top