ഡല്‍ഹി വായുമലിനീകരണം; കുറ്റക്കാര്‍ ഇവര്‍, വിചിത്ര വാദവുമായി ബി.ജെ.പി നേതാവ്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വായുമലിനീകരണം തന്നെയാണ് ഇപ്പോള്‍ രാജ്യത്തെ പ്രധാന ചര്‍ച്ചാ വിഷയം.
മാസ്‌ക് ഉപയോഗിക്കാതെ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോള്‍ രാജ്യ തലസ്ഥാനത്ത്. രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ ഈ വിഷയത്തില്‍ ആശങ്ക രേഖപ്പെടുത്തി രംഗത്തെത്തുമ്പോള്‍ വിചിത്ര വാദവുമായി എത്തുകയാണ് ഉത്തര്‍പ്രദേശിലെ ബി.ജെ.പി നേതാവായ വിനീത് അഗര്‍വാള്‍ ഷാര്‍ധ.

ഡല്‍ഹിയിലെ വായുമലിനീകരണത്തിന് കാരണം ഇന്ത്യയുടെ അയല്‍ രാജ്യങ്ങളാണെന്നാണ് അദ്ദേഹത്തിന്റെ വാദം. പാകിസ്താനും ചൈനയും പുറത്തുവിടുന്ന വിഷവാതകമാണ് ഡല്‍ഹിയിലെ മലിനീകരണത്തിന് കാരണമെന്നായിരുന്നു വിനീത് അഗര്‍വാള്‍ ഷാര്‍ധയുടെ ആരോപണം. എ.എന്‍.ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിഷവാതകം നമ്മളെ ഭയക്കുന്ന അയല്‍രാജ്യങ്ങള്‍ പുറന്തള്ളുന്നതാവാനാണ് സാധ്യത എന്ന് അദ്ദേഹം ചൂണ്ടികാട്ടിയത്. മാത്രമല്ല പാകിസ്താന്‍ ഏതെങ്കിലും തരത്തിലുള്ള വിഷവാതകം പുറത്തുവിട്ടോ എന്നത് നിര്‍ബന്ധമായും പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ചുമതലയേറ്റത് മുതല്‍ പാകിസ്താന്‍ നിരാശയിലാണ്. ഇന്ത്യക്കെതിരെ അവര്‍ എല്ലാ തന്ത്രങ്ങളും ഉപയോഗിച്ചിട്ടും ഒരു വിജയം പോലും നേടാനായില്ല. ഇന്ത്യക്കെതിരെ യുദ്ധം ചെയ്തപ്പോളും പാകിസ്താന്‍ പരാജയപ്പെട്ടു- വിനീത് അഗര്‍വാള്‍ പറഞ്ഞു.

അതേസമയം ഇന്ത്യയിലെ തന്നെ സംസ്ഥാനങ്ങളും ഡല്‍ഹിയുടെ അയല്‍ സംസ്ഥാനങ്ങളുമാണ് വായുമലിനീകരണം ഉണ്ടാക്കിയത് എന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ പ്രസ്താവനയേയും അദ്ദേഹം കുറ്റപ്പെടുത്തി. ‘അയല്‍സംസ്ഥാനങ്ങളില്‍ വൈക്കോല്‍ കത്തിക്കുന്നതും വ്യവസായമേഖലകളില്‍നിന്നുള്ള പുകയുമാണ് അന്തരീക്ഷ മലിനീകരണത്തിന് കാരണമെന്നാണ് കെജ്രിവാള്‍ അടക്കമുള്ളവര്‍ പറയുന്നത്. എന്നാല്‍ കര്‍ഷകരാണ് രാജ്യത്തിന്റെ നട്ടെല്ല്. ഒരിക്കലും കര്‍ഷകരെയും വ്യവസായങ്ങളെയും കുറ്റപ്പെടുത്തരുത് ‘- വിനീത് അഗര്‍വാള്‍ പറഞ്ഞു.

Top