അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പൗരത്വ ഭേദഗതി നിയമത്തിന്റെ പ്രത്യാഘാതങ്ങള്‍ മനസ്സിലാക്കി ആയുധമാക്കാന്‍ ഡല്‍ഹിയിലെ ഭരണപക്ഷമായ ആം ആദ്മി പാര്‍ട്ടി ഒരുങ്ങുന്നു. വിഷയത്തില്‍ തങ്ങളുടെ പ്രതികരണത്തിന്റെ സ്വഭാവം ഏത് വിധത്തിലുള്ള പ്രതികരണം ഉളവാക്കുമെന്ന് സംശയത്തിലാണ് പാര്‍ട്ടിയെന്ന് ആം ആദ്മി നേതാക്കള്‍ വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ച മുതല്‍ ദേശീയ തലസ്ഥാനം കീഴടക്കുന്ന പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഇതിന്റെ പ്രത്യാഘാതങ്ങള്‍ ആം ആദ്മി വിലയിരുത്തുന്നത്. നിരോധനാജ്ഞ ലംഘിച്ചുള്ള പ്രതിഷേധങ്ങള്‍ക്ക് ആളുകള്‍ എത്തിയതോടെ പോലീസിന് പിടിപ്പത് പണിയാണ്.
ഭരണനിര്‍വ്വഹണം പ്രധാന പ്രചരണ ആയുധമായി ഉയര്‍ത്താന്‍ ഒരുങ്ങിയ എഎപി പൗരത്വ നിയമ വിഷയം വന്നതോടെ സംശയത്തിലാണ്. ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പ്രതിഷേധങ്ങള്‍ പുറത്തുവന്നതോടെ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ നിന്നും ആളുകള്‍ തെരുവിലിറങ്ങി. 2015ല്‍ എഴുപത് സീറ്റില്‍ 67 സീറ്റ് നേടിയാണ് ആം ആദ്മി ഡല്‍ഹിയില്‍ അധികാരത്തിലെത്തിയത്.
നിയമത്തിന് എതിരായി ലോക്‌സഭയിലും, രാജ്യസഭയിലും വോട്ട് ചെയ്ത ആം ആദ്മി നിലപാട് കെജ്രിവാള്‍ തുറന്നുപറഞ്ഞിട്ടുണ്ട്. രാജ്യം സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോകുമ്പോള്‍ അപകടകരമായ നിയമം നടപ്പാക്കിയത് ഗുരുതരമാണെന്ന് കെജ്രിവാള്‍ വ്യക്തമാക്കി. മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെ എവിടെ പാര്‍പ്പിക്കുമെന്നാണ് ഡല്‍ഹി മുഖ്യന്റെ ചോദ്യം. മതത്തെക്കുറിച്ച് പരാമര്‍ശിക്കാതെ അളന്നുള്ള നീക്കങ്ങളാണ് ആം ആദ്മി വിഷയത്തില്‍ സ്വീകരിക്കുന്നത്.