കാക്കിക്കുള്ളിലെ കലാഹൃദയം; വനിതാ പോലീസുകാരുടെ ഡാന്‍സ് വീഡിയോ വൈറല്‍

ന്യൂഡല്‍ഹി: കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ താരങ്ങള്‍ ഡല്‍ഹിയിലെ വനിതാ പൊലീസുകാരാണ്. കാക്കിക്കുപ്പായമിട്ടവര്‍ ഗൗരവക്കാരാണെന്ന എല്ലാവരുടെയും ചിന്താഗതി മാറ്റി മറിച്ചുകൊണ്ട് ഒരു വേദിയില്‍ മതി മറന്ന് നൃത്തം ചെയ്യുന്ന വനിതാപൊലീസുകരുടെ വീഡിയോ ആണ് വൈറലായി മാറിയത്.

ഓള്‍ വിമന്‍ സമ്പര്‍ക്ക് സഭ പോലീസിനായി സംഘടിപ്പിച്ച സുനോ സഹേലി എന്ന പരിപാടിയിലാണ് വനിതാപോലീസ് സംഘത്തിന്റെ നൃത്തം അരങ്ങേറിയത്. പ്രശസ്തമായ ‘തേരി ആഖിയ കാ യോ കാജല്‍’ എന്ന ഹരിയാന്‍വി ഡാന്‍സ് നമ്പറിനാണ് പൊലീസ് കൂട്ടുകാരികള്‍ ചുവടു വെച്ചത്.

പാട്ട് തുടങ്ങിയ ഉടനെ തന്നെ നാലുവനിതാ പൊലീസുകാര്‍ വേദിയില്‍ കയറി ഡാന്‍സ് ആരംഭിക്കുകയായിരുന്നു. അവിടെയുണ്ടായിരുന്ന ഐപിഎസ്ഓഫീസര്‍ ബനീറ്റ് മേരി ജെയ്കറിനേയും ആരോ നിര്‍ബന്ധിച്ച് വേദിയിലെത്തിച്ചു. പിന്നെ വേദി ഇളക്കി മറിച്ചുകൊണ്ട് വനിതാ പൊലീസുകാരുടെ നൃത്തം പൊടിപൊടിക്കുകയാണ്. സോഷ്യല്‍ മീഡിയ ഏതായാലും കാക്കിക്കുള്ളിലെ ഈ നര്‍ത്തകിമാരെ ഏറ്റെടുത്തിരിക്കുകയാണിപ്പോള്‍.

Top