റോബര്‍ട്ട് വാദ്രയുടെ അമ്മയടക്കം 13 വിവിഐപികളുടെ സുരക്ഷ പിന്‍വലിച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വാദ്രയുടെ അമ്മ മൗരിന്‍ വാദ്ര, സിബിഐ ഡയറക്ടര്‍ അലോക് വര്‍മ എന്നിവരുള്‍പ്പെടെയുള്ള 13 വിവിഐപികളുടെ സുരക്ഷ ഡല്‍ഹി പൊലീസ് പിന്‍വലിച്ചു.

മൗരിന്‍ വാദ്രയ്ക്ക് ആറു പൊലീസുകാരുടെ സുരക്ഷയാണ് നല്‍കിയിരുന്നത്. ഡല്‍ഹി പൊലീസ് ഓഫീസറായ മനിഷി ചന്ദ്ര, കോണ്‍ഗ്രസ് വക്താവ് അംബികാ ദാസ്, എഎപി മന്ത്രിമാര്‍, മുന്‍ ഡല്‍ഹി ചീഫ് സെക്രട്ടറി എന്നിവരും സുരക്ഷ ഒഴിവാക്കപ്പട്ടവരുടെ പട്ടികയിലുണ്ട്.

പൊലീസ് മൗരിന്‍ വാദ്രയ്ക്ക് സംരക്ഷണം നല്‍കുന്നതിനെ മാധ്യമങ്ങള്‍ ചോദ്യം ചെയ്തതിന് പിന്നാലെയാണ് 13 വിവിഐപികള്‍ക്ക് നല്‍കിയിരുന്ന സുരക്ഷ ഡല്‍ഹി പൊലീസ് പിന്‍വലിച്ചത്. തീരുമാനം ഉടന്‍ നടപ്പിലാക്കും. സുരക്ഷാ ചുമതലയില്‍ നിന്ന് പിന്‍വലിക്കപ്പട്ട പൊലീസ് ഉദ്യോഗസ്ഥരെ നഗരത്തിലെ ക്രമസമാധാനപാലനത്തിനായി നിയോഗിക്കും.

നിലവില്‍ 464 വിവിഐപികള്‍ക്കാണ് ഡല്‍ഹി പൊലീസിന്റെ വിവിധ കാറ്റഗറിയിലുള്ള സുരക്ഷ ലഭിക്കുന്നത്. ഇതില്‍ 398 പേര്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് സുരക്ഷ നല്‍കുന്നത്. ബാക്കിയുള്ള 66 പേര്‍ക്ക് പൊലീസ് ആസ്ഥാനത്തുനിന്നുള്ള നിര്‍ദ്ദേശപ്രകാരവും . 77,000 അംഗബലമുള്ള ഡല്‍ഹി പൊലീസിലെ 10,400 പേരും വിഐപി സുരക്ഷയ്ക്കായി നിയോഗിക്കപ്പട്ടിരിക്കുകയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

Top