നുപൂർ ശർമക്ക് എതിരായ എല്ലാ കേസുകളും ഡൽഹി പൊലീസ് അന്വേഷിക്കും

ന്യൂഡൽഹി: പ്രവാചകനിന്ദയിൽ ബിജെപി മുൻ വക്താവ് നുപൂർ ശർമക്കെതിരായ എല്ലാ കേസുകളും ഡൽഹി പൊലീസ് അന്വേഷിക്കും. നുപൂറിനെതിരായ എഫ്‌ഐആറുകൾ ലയിപ്പിച്ച് സുപ്രിംകോടതി ഉത്തരവിട്ടു. നുപൂർ ശർമയുടെ ജീവന് ഭീഷണിയുണ്ടെന്ന വാദം കോടതി അംഗീകരിച്ചു. എഫ്‌ഐആറുകൾ റദ്ദാക്കുന്ന കാര്യം അതത് ഹൈക്കോടതികൾ പരിശോധിക്കും.

അന്വേഷണം പൂർത്തിയാകുന്നത് വരെ നുപൂർ ശർമയുടെ ഇടക്കാല ജാമ്യം തുടരുമെന്നും കോടതി പറഞ്ഞു. ഒരു ചാനൽ ചർച്ചയിൽ പങ്കെടുക്കുന്നതിനിടെയാണ് നുപൂർ ശർമ പ്രവാചകനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയത്. ഇതിനെതിരെ ഗൾഫ് രാജ്യങ്ങളിൽ നിന്നടക്കം വൻ പ്രതിഷേധം ഉയർന്നതോടെ ബിജെപിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് അവരെ സസ്‌പെൻഡ് ചെയ്തിരുന്നു.

ഡൽഹി, കൊൽക്കത്ത, മുംബൈ അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നുപൂറിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിരവധി തവണ വാറണ്ട് നൽകിയിട്ടും ചോദ്യം ചെയ്യലിനായി ഹാജരാകാൻ അവർ തയ്യാറായിരുന്നില്ല. എല്ലായിടത്തും വിചാരണക്ക് ഹാജരാകാനാകില്ലെന്നും ജീവന് ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് നുപൂർ ശർമ കേസുകൾ ലയിപ്പിക്കാൻ ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചത്.

Top