അഭിഭാഷകര്‍ക്കെതിരെ നടപടി ; ഡല്‍ഹിയിലെ പൊലീസ് സമരം അവസാനിച്ചു

ന്യൂഡല്‍ഹി : തീസ് ഹസാരി കോടതിയിലെ സംഘർഷത്തിൽ നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ പൊലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ സമരം അവസാനിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമവായം.

പത്തു മണിക്കൂര്‍ നീണ്ട പോലീസുകാരുടെ പ്രതിഷേധം രാജ്യതലസ്ഥാനത്തെ അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിപ്പിച്ചിരുന്നു. ഡല്‍ഹി പോലീസ് കമ്മീഷണര്‍ ഉള്‍പ്പെടെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ പത്ത് അനുനയ ശ്രമങ്ങളും പരാജയപ്പെട്ടിരുന്നു. ഒടുവില്‍ തീസ് ഹസാരി കോടതിയില്‍ നടന്ന സംഭവത്തില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. പൊലീസുകാരെ ആക്രമിച്ച അഭിഭാഷകര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. പരുക്കേറ്റ പോലീസുകാര്‍ക്ക് 25,000 രൂപ ധനസഹായവും പ്രഖ്യാപിച്ചു. ഇതോടെയാണ് സമരം അവസാനിച്ചത്.

അഭിഭാഷകർ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് തെരുവിലിറങ്ങിയുള്ള അസാധാരണ പ്രതിഷേധത്തിന് പൊലീസ് മുതിർന്നത്. രാവിലെ നിശബ്ദ പ്രതിഷേധമായി ആരംഭിച്ച സമരം പിന്നീട് മുദ്രാവാക്യം വിളിയിലേക്ക് മാറി. ഐക്യദാർഢ്യവുമായി ഉദ്യോഗസ്ഥരുടെ കുടുംബങ്ങളും വിരമിച്ച പോലീസ് ഉദ്യോഗസ്ഥരും കൂടി എത്തിയതോടെ സമരം രൂക്ഷമാവുകയായിരുന്നു.

നവംബര്‍ രണ്ട് ശനിയാഴ്ചയാണ് ഡല്‍ഹി തീസ് ഹസാരി കോടതിവളപ്പില്‍ അഭിഭാഷകരും പോലീസും ഏറ്റുമുട്ടിയത്. ഒരു അഭിഭാഷകന്റെ വാഹനത്തില്‍ പോലീസ് വാഹനം തട്ടിയതും പാര്‍ക്കിങിനെചൊല്ലിയുള്ള തര്‍ക്കവുമാണ് സംഘര്‍ഷത്തിലേക്ക് വഴിവെച്ചത്. വാക്കുതര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ ഒരു അഭിഭാഷകനെ പോലീസ് കസ്റ്റഡിയിലെടുത്തു.

കസ്റ്റഡിയിലെടുത്ത അഭിഭാഷകനെ പോലീസ് ക്രൂരമായി മര്‍ദിച്ചെന്ന് ആരോപിച്ച് അഭിഭാഷകരും പ്രതിഷേധം കടുപ്പിച്ചു. അഭിഭാഷകര്‍ പോലീസ് വാഹനങ്ങങ്ങളും ബൈക്കുകളും കത്തിച്ചു. ഇതിനിടെ പോലീസ് നടത്തിയ വെടിവെപ്പില്‍ ഒരു അഭിഭാഷകന് വെടിയേറ്റു. സംഭവസമയത്ത് കോടതിവളപ്പിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരെയും അഭിഭാഷകര്‍ മര്‍ദിച്ചിരുന്നു. ക്യാമറകള്‍ നശിപ്പിക്കുകയും മൊബൈലുകള്‍ തട്ടിപ്പറിക്കുകയുമുണ്ടായി.

Top