സുശീല്‍ കുമാറിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഡല്‍ഹി പോലീസ്

ന്യൂഡല്‍ഹി: ഒളിവില്‍ പോയ ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് സുശീല്‍ കുമാറിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഡല്‍ഹി പൊലീസ്. മുന്‍ ജൂനിയര്‍ ദേശീയ ഗുസ്തി ചാമ്പ്യന്‍ സാഗര്‍ റാണയുടെ കൊലപാതക കേസില്‍ പ്രതിയായ സുശീല്‍ കുമാറിനെയും മറ്റ് ഒമ്പത് പ്രതികളെയും പിടികൂടാന്‍ ഡല്‍ഹി പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചത്.

മേയ് നാലിനാണ് കേസിനാസ്പദമായ കൊലപാതകം നടന്നത്. 23കാരനായ സാഗര്‍ ധന്‍ഖഡ് എന്ന സാഗര്‍ റാണയെ സ്‌റ്റേഡിയത്തിെന്റ പാര്‍ക്കിങ് ഏരിയയില്‍ വെച്ച് മര്‍ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. മറ്റു ഗുസ്തിക്കാര്‍ക്ക് മുന്നില്‍ മോശമായി പെരുമാറിയതിന് സുശീല്‍ കുമാറും കൂട്ടാളികളും മോഡല്‍ ടൗണിലെ വീട്ടില്‍നിന്നും സാഗറിനെ പിടിച്ചുകൊണ്ടുവരികയായിരുന്നെന്നാണ് പൊലീസിന് ലഭിച്ച മൊഴി. സുശീല്‍ കുമാറിനെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

കൊലപാതകവുമായി ബന്ധപ്പെട്ട് ഡല്‍ഹി കോടതി ശനിയാഴ്ച സുശീല്‍ കുമാറിനും മറ്റ് ഒമ്പത് പേര്‍ക്കുമെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇയാള്‍ക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസും ഇറക്കിയിട്ടുണ്ട്.

Top