യുഎസ് ഹാക്കര്‍ക്കെതിരെ ഡല്‍ഹി പൊലീസില്‍ പരാതി നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

Tamil rockers admin

ന്യൂഡല്‍ഹി: യുഎസ് ഹാക്കര്‍ക്കെതിരെ പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്ത്. ഡല്‍ഹി പൊലീസിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരാതി നല്‍കിയത്. ഹാക്കത്തോണ്‍ നടന്ന സാഹചര്യം കണ്ടെത്തണമെന്നും ഹാക്കറുടെ മൊഴി പരിശോധിക്കണമെന്നും പരാതിയില്‍ പറയുന്നു.

തെരെഞ്ഞെടുപ്പുകളില്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങളില്‍ അട്ടിമറി നടത്തിയിട്ടുണ്ടെന്നായിരുന്നു ഹാക്കറുടെ വെളിപ്പെടുത്തല്‍. ഗുരുതരമായ ആരോപണങ്ങളില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.

ലണ്ടനിലെ ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകന്റെ ക്ഷണപ്രകാരമാണ് കപില്‍ സിബല്‍ പങ്കെടുത്തതെന്നും , കോണ്‍ഗ്രസ്സിന് ചടങ്ങ് സംഘടിപ്പിച്ചതില്‍ പങ്കില്ലെന്നും കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിങ്വി വ്യക്തമാക്കി.

കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപിയും രംഗത്തെത്തി. കോണ്‍ഗ്രസിന്റേത് തരംതാണ് രാഷ്ട്രീയമാണെന്ന് കേന്ദ്രമന്ത്രി അരുണ്‍ജെയ്റ്റ്‌ലി ആരോപിച്ചു. ഹാക്കറുടെ അവകാശവാദം പെരുംനുണയാണ്. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് തെരഞ്ഞെടുപ്പ് കമ്മീഷനും ഉദ്യോഗസ്ഥരും ബി ജെ പിയുടെ ചട്ടുകമായാണോ പ്രവര്‍ത്തിച്ചതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം. ഇത്തരം വിഢിത്തങ്ങള്‍ അംഗീകരിക്കാന്‍ ജനങ്ങള്‍ മണ്ടന്മാരാണെന്ന് കോണ്‍ഗ്രസ് വിചാരിക്കരുതെന്നും ജെയ്റ്റ്ല്ലി ട്വീറ്റ് ചെയ്തു.

ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനിടയിലാണ് വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി നടത്താമെന്ന യുഎസ് ഹാക്കറുടെ വെളിപ്പെടുത്തല്‍ പുറത്ത് വന്നത്. പല തെരെഞ്ഞെടുപ്പുകളിലും ഇന്ത്യയില്‍ ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങള്‍ താന്‍ ഹാക്ക് ചെയ്തിട്ടുണ്ടെന്നാണ് അമേരിക്കന്‍ ഹാക്കറുടെ അവകാശവാദം. ഇതിനായി എസ്.പി, ബി.എസ്.പി പാര്‍ട്ടികള്‍ തന്നെ സമീപിച്ചിട്ടുണ്ടെന്നും ഹാക്കര്‍ പറഞ്ഞു.

ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ സംഘടന ലണ്ടനില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ഹാക്കര്‍ വെളിപ്പെടുത്തല്‍ നടത്തിയത്. ലണ്ടനില്‍ നടന്ന പരിപാടിയില്‍ വോട്ടിംഗ് യന്ത്രം ഹാക്ക് ചെയ്യുന്നത് എങ്ങനെയെന്ന് ഹാക്കര്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

Top