ലണ്ടൻ ഹൈക്കമ്മീഷന് മുന്നിലെ പ്രതിഷേധം: യുഎപിഎ ചുമത്തി കേസെടുത്ത് ഡൽഹി പൊലീസ്

ഡൽഹി: ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് മുന്നിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ദില്ലി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. യുഎപിഎ, പിഡിപിപി വകുപ്പുകൾ അടക്കം ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം. സംഭവത്തിൽ ദില്ലി പൊലീസിന്റെ സ്പെഷൽ സെൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിദേശത്തെ സമരത്തിൽ ഇന്ത്യൻ പൗരന്മാരായവർക്കും ബന്ധമുണ്ടെന്നാണ് വിവരം.

പഞ്ചാബിൽ അമൃത്പാൽ സിംഗിനെതിരായ നടപടിക്ക് പിന്നാലെ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ ഇന്ത്യൻ പതാക ഖലിസ്ഥാൻ അനുകൂലികൾ അപമാനിച്ച സംഭവം ഞെട്ടിച്ചിരുന്നു. ദില്ലിയിലെ ബ്രിട്ടൻ നയതന്ത്ര പ്രതിനിധിയെ അന്നു രാത്രി തന്നെ വിളിച്ചുവരുത്തി ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തു. അക്രമം നടക്കുന്ന സമയത്ത് സുരക്ഷാ ഉദ്യോഗസ്ഥർ എവിടെയായിരുന്നുവെന്ന ചോദ്യമാണ് വിദേശകാര്യമന്ത്രാലയം ഉയർത്തിയത്.

ഇതിനോട് തണുപ്പൻ പ്രതികരണം നടത്തിയ യുകെയ്ക്ക് ഇന്ത്യ ശക്തമായ മറുപടി ഇന്ത്യയിൽ നൽകി. മുന്നറിയിപ്പൊന്നും ഇല്ലാതെ യുകെ ഹൈക്കമ്മീഷനും നയതന്ത്ര പ്രതിനിധിയുടെ ഔദ്യോഗിക വസതിക്കും ഉണ്ടായിരുന്ന സുരക്ഷ ഇന്ത്യ പിൻവലിച്ചു. 2013 ഡിസംബറിലാണ് സമാന കാഴ്ചകൾ രാജ്യതലസ്ഥാനത്ത് മുൻപ് കണ്ടത്. ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖോബ്രഗഡയെ യുഎസിൽ അറസ്റ്റു ചെയ്ത സമയത്ത് അമേരിക്കൻ എംബസിക്ക് മുന്നിലുണ്ടായിരുന്ന സുരക്ഷയാണ് അന്ന് പൊളിച്ചു നീക്കിയത്. വിഷയം അന്താരാഷ്ട്ര ശ്രദ്ധയിൽ എത്തിക്കുന്നതാണ് ഇന്ത്യയുടെ നടപടി. ഇരു രാജ്യങ്ങളുടെയും സുരക്ഷാ വിഷയങ്ങളിൽ പ്രതികരിക്കാനില്ലെന്നാണ് ബ്രിട്ടീഷ് ഹൈക്കമ്മീഷൻ പ്രതികരിച്ചത്.

Top