കെ.റെയിൽ; ദേശീയ വിവാദമാക്കി കോൺഗ്രസ്സ്, എം.പിമാർക്ക് മർദ്ദനം

ഡൽഹി: കെ റെയിലിനെതിരായ സമരം ദേശീയ തലത്തിലേക്ക് വ്യാപിപ്പിച്ച് യു.ഡി.എഫ്. മുഖ്യമന്ത്രി – പ്രധാനമന്ത്രി കൂടിക്കാഴ്ച്ചക്ക് തൊട്ടു മുൻപ് യു.ഡി.എഫ് എം.പിമാർ നടത്തിയ പാർലമെന്റ്‌ മാർച്ച് വ്യാപകമായ സംഘർഷത്തിലാണ് കലാശിച്ചിരിക്കുന്നത്. പൊലീസ് മാർച്ച് തടഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ നിരവധി യു.ഡി.എഫ് എം.പിമാർക്ക് പരിക്കേറ്റു. രമ്യ ഹരിദാസ്, കെ.മുരളീധരൻ, ടി.എൻ പ്രതാപൻ, ബെന്നി ബഹന്നാൻ ,ഹൈബി ഈഡൻ, ഡീന്‍ കുര്യാക്കോസ്‌ തുടങ്ങിയ എം.പിമാർക്ക് പരിക്കേറ്റു.ഹൈബിയുടെ മുഖത്ത് പൊലീസ് അടിച്ചെന്ന പരാതിയും ഉയർന്നിട്ടുണ്ട്. സംഭവത്തിൽ എ.ഐ.സി.സി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പൊലീസ് നടപടിക്കെതിരെ പ്രതിഷേധിക്കാൻ കോൺഗ്രസ്സ് ആഹ്വാനം ചെയ്തിട്ടുണ്ട്.

കെ. റെയിലിനെതിരായ പ്രക്ഷോഭത്തിന്റെ നേതൃത്വം ഏറ്റെടുക്കുക എന്നതിൽ ഉപരി ദേശീയ തലത്തിൽ പ്രതിസന്ധി നേരിടുന്ന കോൺഗ്രസ്റ്റിന് പുതിയ ഊർജജം നൽകാനാണ് കേരളത്തിലെ കോൺഗ്രസ്സ് എം.പിമാർ ശ്രമിച്ചിരിക്കുന്നത്. ദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ ഡൽഹി സംഘർഷം ഇപ്പോൾ വലിയ വാർത്തയാണ്.

50,000 കുടുംബങ്ങളെ ഭവനരഹിതരാക്കുകയും പരിസ്ഥിതിയെ തകർക്കുകയും ചെയ്യുന്ന കെ.റെയിലിനു പിന്നിൽ വമ്പൻ അഴിമതിക്കുള്ള നീക്കമാണെന്നാണ് യു.ഡി.എഫ് ആരോപിക്കുന്നത്. കെ റെയിലിനെതിരെ പ്രക്ഷോഭ രംഗത്തുള്ള ബി.ജെ.പിയെയും വെട്ടിലാക്കുന്നതാണ് ഡൽഹിയിലെ സംഘർഷം. ഡൽഹി പൊലീസ് കേന്ദ്ര സർക്കാറിനു കീഴിൽ ആയതിനാൽ, യു.ഡി.എഫ് എം.പിമാരെ മർദ്ദിച്ചതിൽ ബി.ജെ.പിക്ക് എതിരെയും രൂക്ഷമായാണ് കോൺഗ്രസ്സ് പ്രതികരിച്ചിരിക്കുന്നത്. എം.പിമാരോട് ഇതാണ് പെരുമാറ്റമെങ്കിൽ നാട് എങ്ങോട്ടാണ് പോകുന്നത് എന്നതാണ് കോൺഗ്രസ്സ് നേതൃത്വം ചോദിക്കുന്നത്. അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ തിരിച്ചടിയേറ്റ് കോൺഗ്രസ്സ് ദേശീയ തലത്തിൽ കെ.റെയിലിലൂടെയാണ് ഇപ്പോൾ ഉയർത്തെഴുന്നേൽക്കാൻ ശ്രമിക്കുന്നത്. അതിന് വഴിമരുന്നിട്ടതാകട്ടെ, കേരളത്തിലെ യു.ഡി.എഫ് എം.പിമാരുമാണ്.

.

Top