ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിന് വിടണമെന്ന ആവശ്യം പരിഗണിച്ചു: കുഞ്ഞാലിക്കുട്ടി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതി ഹര്‍ജികള്‍ പരിഗണിച്ചതില്‍ പ്രതികരണവുമായി മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി.

പൗരത്വനിയമം സ്റ്റേചെയ്യണമെന്നല്ല, നിര്‍ത്തിവയ്ക്കണമെന്നാണ് കപില്‍ സിബല്‍ ആവശ്യപ്പെട്ടതെന്നും ഹര്‍ജികള്‍ ഭരണഘടനാബെഞ്ചിന് വിടണമെന്ന ആവശ്യം പരിഗണിച്ചുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മാത്രമല്ല പരസ്പര വിരുദ്ധമായ പ്രസ്താവനകളാണ് നടത്തുന്നതെന്ന ലീഗിന്റെ ഹര്‍ജിയില്‍ കേന്ദ്രത്തിന് നോട്ടീസ് അയച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള ഹര്‍ജികളില്‍ കേന്ദ്രത്തിന് മറുപടി നല്‍കാന്‍ സുപ്രീംകോടതി നാലാഴ്ചത്തെ സമയം നല്‍കി. അഞ്ചാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും. എന്നാല്‍ കേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടേക്കുമെന്നും സൂചനയുണ്ട്.

80 അധിക ഹര്‍ജികള്‍ക്ക് മറുപടി നല്‍കാന്‍ ആറാഴ്ചത്തെ സമയം വേണമെന്ന് അറ്റോര്‍ണി ജനറല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതല്‍ ഹര്‍ജികള്‍ അനുവദിക്കരുതെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം, അസം, ത്രിപുര വിഷയം പ്രത്യേകമായി പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.

Top