അതീവ ജാഗ്രതയില്‍ ഡല്‍ഹി; പ്രധാനറോഡുകള്‍ നദിക്ക് സമാനം, പലയിടത്തും ഗതാഗതം നിലച്ചു

ഡല്‍ഹി: വെള്ളപ്പൊക്കം തുടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയില്‍ ഡല്‍ഹി. അണക്കെട്ടുകളില്‍ നിന്ന് കൂടൂതല്‍ വെള്ളം എത്തിയതോടെ യമുന നദിയില്‍ നിന്ന് വെള്ളത്തിന്റെ ഒഴുക്ക് കൂടിയിരിക്കുകയാണ്. ദില്ലിയിലെ പ്രധാന റോഡുകള്‍ നദിക്ക് സമാനമായ സ്ഥിതിയിലാണ്. ഗതാഗതം പ്രധാന പാതകളില്‍ തടസപ്പെട്ടു.

നഗരത്തെ ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളില്‍ വെള്ളം കയറിയതോടെ ഗതാഗതം പലയിടത്തും നിലച്ചു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയുടെ സമീപ പ്രദേശങ്ങളും മുങ്ങി. ഹരിയാനയിലെ ഹത്നികുണ്ഡ് അണക്കെട്ട് തുറന്നതാണ് യമുനയില്‍ ജലനിരപ്പ് ഉയരാന്‍ കാരണം. അതേസമയം, ദില്ലിയില്‍ എന്‍ ഡി ആര്‍ എഫിന്റെ കൂടൂതല്‍ സേനയെ വിന്യസിക്കാനൊരുങ്ങുകയാണ്. ആരോഗ്യ മേഖലയ്ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഗുരുതര സാഹചര്യത്തിന് തയ്യാറായിരിക്കാനാണ് നിര്‍ദ്ദേശം. അനാവശ്യ യാത്ര ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

അതേസമയം, സര്‍വകലാശാലകള്‍ അടക്കം ദില്ലിയില്‍ ഞാറാഴ്ച്ച വരെ അവധി പ്രഖ്യാപിച്ചു. ആവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് വര്‍ക്ക് ഫ്രേം ഹോം സംവിധാനം ഏര്‍പ്പെടുത്താനും തീരുമാനമായി. സ്വകാര്യ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കി. ദുരിതാശ്വാസ ക്യാമ്പുകള്‍ സ്‌കൂളുകളിലേക്ക് മാറ്റുവാനും തീരുമാനിച്ചു. ദില്ലിയിലേക്ക് വലിയ വാഹനങ്ങള്‍ക്ക് പ്രവേശനം നിരോധിക്കുകയും ചെയ്തു.

Top