കോണ്‍ഗ്രസിന്റെ ‘ജീവന്‍’ തിരിച്ചുപിടിക്കാന്‍ രാഹുലിനും, പ്രിയങ്കയ്ക്കും മുന്നില്‍ ഡല്‍ഹി!

70 മണ്ഡലങ്ങളില്‍ 1.5 കോടി ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തുമ്പോള്‍ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നഷ്ടപ്പെടാന്‍ ഒന്നുമില്ല . 2013ല്‍ ഡല്‍ഹി നിയമസഭയില്‍ നിന്നും ജനങ്ങള്‍ പുറത്താക്കിയതിന് ശേഷം തലസ്ഥാനത്ത് അവര്‍ക്ക് കാര്യമായ ചലനം സൃഷ്ടിക്കാന്‍ സാധിച്ചിട്ടില്ല. 1998 മുതല്‍ 2013 വരെയുള്ള 15 വര്‍ഷക്കാലം കോണ്‍ഗ്രസിന് വേണ്ടി അന്തരിച്ച ഷീലാ ദീക്ഷിത്ത് ഭരണം പിടിച്ചുനിര്‍ത്തി. ഒടുവില്‍ അരവിന്ദ് കെജ്രിവാള്‍ എന്ന പുതുമുഖത്തിന് മുന്നില്‍ ഷീല അടിയറവ് പറഞ്ഞു.

ഇക്കുറി തുടര്‍ച്ചയായ മൂന്നാം തവണയും മുഖ്യമന്ത്രിയാകാനുള്ള ഒരുക്കത്തിലാണ് അരവിന്ദ് കെജ്രിവാള്‍. 21 വര്‍ഷമായി അധികാരത്തില്‍ നിന്നും പുറത്തിരിക്കുന്ന ബിജെപി ഇക്കുറി ജനങ്ങള്‍ തങ്ങളെ പിന്തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ്. കോണ്‍ഗ്രസിന്റെ അവസ്ഥ അനുസരിച്ചാകും ബിജെപിയുടെ ഈ വിജയത്തിന്റെ തോത്. ഷീല ദീക്ഷിത്തിന്റെ അഭാവത്തില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ശ്രമങ്ങളില്‍ 2015 മുതല്‍ വോട്ട് ശതമാനം ഉയര്‍ത്തിയത് കോണ്‍ഗ്രസിന് പ്രതീക്ഷയേകുന്നു.

പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധങ്ങള്‍ മോദി സര്‍ക്കാരിന് എതിരെ വികാരം ഉയര്‍ത്തിയിട്ടുണ്ട്. കെജ്രിവാള്‍ ഈ വിഷയത്തില്‍ വെല്ലുവിളി ഉയര്‍ത്താന്‍ തയ്യാറുമായിട്ടില്ല. പ്രതിഷേധക്കാര്‍ക്ക് പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസിന്റെ ഡല്‍ഹിക്ക് പുറത്ത് നിന്നുള്ള നേതാക്കള്‍ തയ്യാറായി. ഈ അവസരത്തില്‍ പൗരത്വ നിയമത്തിന് എതിരായുള്ള വോട്ടുകള്‍ കോണ്‍ഗ്രസിന് അനുഗ്രഹമായി മാറുമെന്നാണ് പ്രതീക്ഷ.

എന്നാല്‍ ഷീല ദീക്ഷിത്തിന് പകരം ഒരു മുഖം കോണ്‍ഗ്രസിന് ഇപ്പോഴും ഡല്‍ഹിയില്‍ ഇല്ലെന്നത് ഭീഷണിയാണ്. മറ്റ് മുതിര്‍ന്ന നേതാക്കളൊന്നും ഇതിന് തയ്യാറാകുന്നില്ലെന്ന അവസ്ഥയാണ്. ഇതോടെ ഭാരം മുഴുവന്‍ രാഹുലിനും, പ്രിയങ്കയ്ക്കും മുകളിലാണ്.

Top