ഐ.പി.എൽ; ടീം രഹസ്യം ചോർത്താൻ നഴ്​സ് ഇന്ത്യൻ താരത്തെ സമീപിച്ചതായി വെളിപ്പെടുത്തൽ

മുംബൈ: ഇന്ത്യൻ ദേശീയ ടീമിനായി കളിച്ച താരത്തെ ഐ.പി.എൽ 13ാം സീസണിന്റെ ടീമുമായി ബന്ധപ്പെട്ട രഹസ്യങ്ങൾ ചോർത്തിയെടുക്കാനായി നഴ്​സ്​ സമീപിച്ചതായി വെളിപ്പെടുത്തൽ. ദക്ഷിണ ഡൽഹിയിലെ ആശുപത്രിയിലെ ഡോക്​ടറാണെന്ന വ്യാജേനയാണ്​ നഴ്​സ്​ വാതുവെപ്പിന്​ സഹായം തേടി താരത്തെ സമീപിച്ചതെന്നാണ്​ വിവരം. കോവിഡ്​ കാരണം യു.എ.ഇയിലേക്ക്​ മാറ്റിയ ഐ.പി.എല്ലിനിടെ സെപ്​തംബർ 30നാണ്​ നഴ്​സ്​ താരത്തെ സമീപിച്ചതെന്നാണ്​ വിവരം. താരവുമായി മൂന്നു വർഷമായുള്ള പരിചയം മുതലെടുത്താണ്​ നഴ്​സ്​ സമീപിച്ചത്​.

താരത്തിന്‍റെ ആരാധികയാണെന്ന രീതിയിൽ പരിചയപ്പെട്ട യുവതി​ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്​സാണെന്ന രീതിയിൽ സമൂഹമാധ്യമത്തിലൂടെ താരവുമായി പരിചയം സ്ഥാപിക്കുകയായിരുന്നു. തുടർന്ന്​ ഇരുവരും ചാറ്റിങ്​ നടത്തി. എന്നാൽ വിവരങ്ങൾ ആരായുന്നതിൽ സംശയം തോന്നിയതോടെ ഈ കാര്യം ബി.സി.സി.ഐയുടെ അഴിമതി വിരുദ്ധ വിഭാഗത്തെ അറിയിക്കുകയായിരുന്നു​.”ഈ സംഭവം ഐ.പി.എല്ലിനിടെ തന്നെ താരം അറിയിച്ചിരുന്നു. ഞങ്ങൾ അന്വേഷിക്കുകയും ചെയ്​തു. എന്നാൽ നഴ്​സ്​ പ്രൊഫഷണൽ വാതുവെപ്പുമായി ബന്ധമില്ലാത്തയാളാണെന്നാണ്​ കണ്ടെത്താൻ കഴിഞ്ഞത്​” -ബി.സി.സി.ഐ അഴിമതി വിരുദ്ധ തലവൻ അജിത്​ സിങ്​ പ്രതികരിച്ചു. ചോദ്യം ചെയ്​തപ്പോൾ ഒന്നും കണ്ടെത്താനായില്ലെന്നും സംഭവം അടഞ്ഞ അധ്യായമാണെന്നും അജിത്​ സിങ്​ പറഞ്ഞു.

Top