എയര്‍ ക്വാളിറ്റി ഇന്റക്‌സ് 527; രാജ്യതലസ്ഥാനം ലോകത്തിലെ ഏറ്റവും മലിനമായ നഗരം

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനം ലോകത്തിലെ ഏറ്റവും മലിനമായ നഗരമായി തെരഞ്ഞടുക്കപ്പെട്ടു. എയര്‍ ക്വാളിറ്റി ഇന്റക്‌സ് 527 രേഖപ്പെടുത്തിയത്തോടെയാണ് ഡല്‍ഹി ഏറ്റവും മലിനമായ നഗരമായി തെരഞ്ഞെടുക്കപ്പെട്ടത്. സ്വകാര്യ കാലാവസ്ഥാ പ്രവചന ഏജന്‍സിയായ സ്‌കൈമെറ്റ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. സ്‌കൈമെറ്റിന്റെ റിപ്പോര്‍ട്ട് പ്രകാരം ലോധി റോഡ്, ഫരീദാബാദ്, മോതി നഗര്‍, പശ്ചിം വിഹാര്‍ എന്നിവടങ്ങളണ് ഡല്‍ഹിയില്‍ തന്നെ ഏറ്റവും മലിനമായ സ്ഥലങ്ങള്‍.

പട്ടികയില്‍ കൊല്‍ക്കത്ത അഞ്ചാം സ്ഥാനത്തും മുംബൈ ഒമ്പതാം സ്ഥാനത്തുമാണ്. കൊല്‍ക്കത്തയില്‍എയര്‍ ക്വാളിറ്റി ഇന്റക്‌സ് 161 ഉം മുംബൈയില്‍ ഇത് 153 ഉം ആണ്.

ഐക്യു എയര്‍ വിഷ്വല്‍സിന്റെ കണക്കുകള്‍ പ്രകാരവും രാജ്യതലസ്ഥാനം തന്നെയാണ് ലോകത്ത് അന്തരീക്ഷ മലിനീകരണത്തില്‍ ഒന്നാമത്. എയര്‍ ക്വാളിറ്റി ഇന്റക്‌സ് പ്രകാരം 0-50 വരെയാണ് നല്ല വായു, 51 – 100 തൃപ്തികരവും 101 – 200 വരെ തീക്ഷ്ണത കുറഞ്ഞതും 201 – 300 മോശവും 301 – 400 വരെ വളരെ മോശവും 401 – 500 വരെ അതിതീവ്രവുമാണ്.

ദീപാവലി മുതല്‍ ഡല്‍ഹിയിലെയും സമീപപ്രദേശങ്ങളിലെയും അന്തരീക്ഷ വായു എയര്‍ക്വാളിറ്റി ഇന്റക്‌സ് പ്രകാരം അതിതീവ്രമാണ്. വായുമലിനീകരണം രൂക്ഷമായതോടെ കേന്ദ്രസര്‍ക്കാരും ഡല്‍ഹി സര്‍ക്കാരും ഒരുമിച്ച് മലിനീകരണത്തിനുള്ള പ്രതിവിധി കാണണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

Top