നിര്‍ഭയ പ്രതി അക്ഷയ് ഠാക്കൂറിന്റെ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ കുറ്റവാളി അക്ഷയ് സിംഗ് ഠാക്കൂര്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എന്‍ വി രമണയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ബെഞ്ചാണ് ഇന്ന് ഉച്ചയ്ക്ക് ഹര്‍ജി പരിഗണിക്കുന്നത്.

ദയാഹര്‍ജി തള്ളിയ രാഷ്ട്രപതിയുടെ തീരുമാനം ചോദ്യം ചെയ്ത് പ്രതികളിലൊരാളായ മുകേഷ് സിംഗ് നല്‍കിയ ഹര്‍ജി ഇന്നലെ സുപ്രീംകോടതി തള്ളിയിരുന്നു. രാഷ്ട്രപതിയുടെ തീരുമാനത്തില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി പറഞ്ഞു.

വിചാരണ കോടതിയും ഹൈക്കോടതിയും സുപ്രീംകോടതിയും എടുത്ത തീരുമാനങ്ങള്‍ പരിശോധിച്ചാണ് മുകേഷ് സിംഗിന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയത്. വധശിക്ഷക്കെതിരെ മുകേഷ് സിംഗ് നല്‍കിയ തിരുത്തല്‍ ഹര്‍ജിയും നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. അതിന് പിന്നാലെ മറ്റൊരു പ്രതിയായ വിനയ് ശര്‍മയും ഇന്നലെ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയിരുന്നു.

വിനയ് ശര്‍മയുടെ അഭിഭാഷകന്‍ എ.പി സിങ്ങാണ് ദയാഹര്‍ജി സമര്‍പ്പിച്ച വിവരം അറിയിച്ചത്. കേസിലെ മറ്റു പ്രതികളായ പവന്‍ ഗുപ്ത, അക്ഷയ്കുമാര്‍ സിങ് എന്നിവരും ഉടന്‍ തന്നെ ദയാഹര്‍ജി നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.

Top