ഒമര്‍ അബ്ദുള്ളയുടെ മോചനം; കേന്ദ്രത്തിനും കശ്മീര്‍ ഭരണകൂടത്തിനും നോട്ടീസയച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെ തടങ്കലിലാക്കിയതിനെതിരെ സഹോദരി സാറാ അബ്ദുള്ള പൈലറ്റ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസയച്ചു. കേന്ദ്ര സര്‍ക്കാരിനും കശ്മീര്‍ ഭരണകൂടത്തിനുമാണ് നോട്ടീസയച്ചത്.

ഹര്‍ജി മാര്‍ച്ച് രണ്ടിനാകും ഇനി പരിഗണിക്കുക. ജസ്റ്റീസുമാരായ അരുണ്‍ മിശ്ര, ഇന്ദിര ബാനര്‍ജി എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സാറാ അബ്ദുള്ളയ്ക്കായി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് ഹാജരായത്. ഹര്‍ജി മാര്‍ച്ച് രണ്ടിലേക്ക് നീട്ടിവച്ചതിനെതിരെ കപില്‍ സിബല്‍ എതിര്‍വാദം ഉന്നയിച്ചെങ്കിലും കോടതി പരിഗണിച്ചില്ല. ഒരു സഹോദരിക്ക് ഇത്രയും കാലം കാത്തിരിക്കാമെങ്കില്‍ പതിനഞ്ച് ദിവസം എന്ന കണക്കില്‍ ഒരു മാറ്റവും വരുത്തില്ലെന്ന് ജസ്റ്റീസ് അരുണ്‍ മിശ്ര അറിയിച്ചു.

കശ്മീര്‍ പുനസംഘടനക്ക് പിന്നാലെ കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ് ഒമര്‍ അബ്ദുള്ള അടക്കമുള്ള നേതാക്കളെ തടങ്കലിലാക്കിയത്. ആറ് മാസം പിന്നിടുമ്പോഴാണ് ജമ്മു കശ്മീര്‍ ഭരണകൂടം, പൊതു സുരക്ഷ നിയമം ചുമത്തി തടവ് നീട്ടുന്ന കാര്യം അറിയിക്കുന്നത്. കേന്ദ്രസര്‍ക്കാരിനെതിരെ ജനങ്ങളെ കലാപത്തിന് പ്രേരിപ്പിക്കാന്‍ ഇപ്പോഴും ഒമര്‍ അബ്ദുള്ളക്ക് രാഷ്ട്രീയ ശേഷിയുണ്ടെന്നും അതിനാല്‍ തടങ്കല്‍ തുടരണമെന്നുമാണ് ജമ്മുകശ്മീര്‍ പൊലീസിന്റെ റിപ്പോര്‍ട്ട്.ഒമറിനു പുറമേ മുന്‍ മുഖ്യമന്ത്രിമാരായ ഫറൂക്ക് അബ്ദുള്ള, മെഹ്ബൂബ മുഫ്തി തുടങ്ങിയവരും ഓഗസ്റ്റ് മാസം മുതല്‍ വീട്ടുതടങ്കലിലാണ്.

Top