ഡല്‍ഹിയിലെ ഖാന്‍ മാര്‍ക്കറ്റ് സംഘമല്ല തന്നെ സൃഷ്ടിച്ചത്, വര്‍ഷങ്ങളായുള്ള തപസ്യയെന്ന് മോദി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അധികാര സംഘത്തിന് പുറത്തുള്ള വ്യക്തിയാണ് താനെന്ന അവകാശവാദവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയിലെ ഖാന്‍ മാര്‍ക്കറ്റ് സംഘമല്ല തന്നെ സൃഷ്ടിച്ചതെന്നും നാല്‍പത്തിയഞ്ച് വര്‍ഷത്തെ തപസ്യയാണതെന്നും ഇത് തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും മോദി പറഞ്ഞു.

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് പ്രതിച്ഛായ നിര്‍മ്മിച്ചു നല്‍കിയത് ഖാന്‍ മാര്‍ക്കറ്റ് ഗ്യാങാണെന്നും മോദി ആരോപണം ഉന്നയിച്ചു. ഡല്‍ഹിയിലെ ആഢംബരത്തിന്റെയും സമ്പന്നതയുടെയും പ്രതീകമായ ഖാന്‍ മാര്‍ക്കറ്റ് പരാമര്‍ശിച്ചു കൊണ്ടാണ് മോദി പ്രസ്താവന നടത്തിയത്.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഇന്ന് പഞ്ചാബില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തും. ഭട്ടിന്‍ഡയിലാണ് മോദിയുടെ തെരഞ്ഞെടുപ്പ് പരിപാടി നടക്കുക. രാഹുല്‍ ഗാന്ധി ലുധിയാനയിലും ഹൊഷിയാര്‍പൂരിലും പ്രചരണത്തിനെത്തും. അവസാനഘട്ടമായ മെയ്19 നാണ് പഞ്ചാബിലെ 13 സീറ്റുകളിലെയും വോട്ടെടുപ്പ് നടക്കുക.

എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി മധ്യപ്രദേശിലെ മഹാകാളിശ്വര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം രത്‌ലത്തിലെ പ്രചാരണയോഗത്തില്‍ പങ്കെടുക്കും. ശേഷം ഇന്‍ഡോറിലെ റോഡ്ഷോയില്‍ അവര്‍ ജനങ്ങളെ അഭിസംബോധന ചെയ്യും.

Top