മോദി നടത്തിയ രാഷ്ട്രീയ പരാമര്‍ശങ്ങളില്‍ അതൃപ്തി അറിയിച്ച് രാമകൃഷ്ണ മിഷന്‍ സന്യാസിമാര്‍

ന്യൂഡല്‍ഹി: പൗരത്വ നിയമ വിഷയത്തില്‍ ബേലൂര്‍ മഠത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ രാഷ്ട്രീയ പരാമര്‍ശങ്ങളില്‍ അതൃപ്തി അറിയിച്ച് രാമകൃഷ്ണ മിഷന്‍ സന്യാസിമാര്‍. പൗരത്വ നിയമത്തിന്റെ പേരില്‍ പ്രതിപക്ഷം യുവാക്കളെ വഴിതെറ്റിക്കുകയാണെന്നും നിയമം പിന്‍വലിക്കില്ലെന്നുമുള്‍പ്പെടെയുള്ള പരാമര്‍ശങ്ങളാണ് മോദി നടത്തിയത്.

മോദിയുടെ ഈ രാഷ്ട്രീയ സ്വഭാവമാണ് സന്യാസിമാരെ അസ്വസ്ഥരാക്കിയത്. ”രാഷ്ട്രീയമില്ലാത്ത, നിഷ്പക്ഷരായി നിലകൊള്ളുന്ന രാമകൃഷ്ണ മിഷന്റെ വേദി വിവാദരാഷ്ട്രീയ പരാമര്‍ശങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിച്ചതില്‍ വളരെയധികം വേദനയുണ്ട്”- മിഷന്‍ അംഗമായ ഗൗതം റോയ് പറഞ്ഞു.

ഇതോടെ മോദിയുടെ സന്ദര്‍ശനം പശ്ചിമബംഗാളില്‍ പുതിയ രാഷ്ട്രീയവിവാദത്തിന് വഴി വെച്ചു. എന്തിനാണ് ഒരു രാഷ്ട്രീയസന്ദര്‍ശനത്തിന് എത്തിയ മോദിക്ക് മഠം സന്ദര്‍ശിച്ച് തെറ്റായ രാഷ്ട്രീയസന്ദേശം നല്‍കാന്‍ വേദി നല്‍കിയതെന്നും അതൃപ്തി അറിയിച്ച കത്തില്‍ സന്യാസിമാര്‍ ചോദിക്കുന്നു.

രണ്ട് ദിവസത്തെ പശ്ചിമബംഗാള്‍ സന്ദര്‍ശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി വിവേകാനന്ദ ജയന്തി ദിനത്തിലാണ് ബേലൂര്‍ മഠത്തിലെത്തിയത്.

Top