വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ നിരോധനാജ്ഞയും നാലിടങ്ങളില്‍ കര്‍ഫ്യുവും

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സംഘര്‍ഷം വ്യാപിക്കുന്ന സാഹചര്യത്തില്‍ നാലിടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ഒരു മാസത്തേക്കു നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമങ്ങളില്‍ മരിച്ചവരുടെ എണ്ണം പത്തായി. അഞ്ച് പേരാണു ചൊവ്വാഴ്ച മരിച്ചത്. വടക്കുകിഴക്കന്‍ ഡല്‍ഹിയുടെ പലഭാഗങ്ങളിലും സംഘര്‍ഷത്തിന് അയവില്ല. ഇന്ന് വൈകിട്ട് ചാന്ദ്ബാഗില്‍ പ്രതിഷേധക്കാര്‍ക്കു നേരെ ഉദ്യോഗസ്ഥര്‍ കണ്ണീര്‍ വാതകം പ്രയോഗിച്ചു.

ബജന്‍പുര, ജാഫറാബാദ്, മൗജ്പുര്‍, ഗോകുല്‍പുരി, ഭജന്‍പുര ചൗക്ക് എന്നിവടങ്ങളില്‍ പൗരത്വനിയമത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും പരസ്പരം ഏറ്റുമുട്ടി. സംഘര്‍ഷത്തിനിടെ മാധ്യമ പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. ദേശീയ മാധ്യമമായ എന്‍ഡി ടിവിയുടെ മൂന്ന് റിപ്പോര്‍ട്ടര്‍മാര്‍ക്കും ഒരു ക്യാമറാമാനും ആയുധവുമായെത്തിയ കലാപകാരികള്‍ നടത്തിയ അക്രമത്തില്‍ പരുക്കേറ്റു. സംഭവം നടക്കുമ്പോള്‍ പ്രദേശത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ ആരും ഉണ്ടായിരുന്നില്ലെന്നാണു വിവരം.

ഡല്‍ഹിയില്‍ അര്‍ധസൈനിക വിഭാഗങ്ങളടക്കം കൂടുതല്‍ സേനയെ വിന്യസിക്കാന്‍ ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ച യോഗത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍, ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ അടക്കമുളളവര്‍ പങ്കെടുത്തു. സ്ഥിതി ആശങ്കാജനകമാണെന്ന് കേജ്രിവാള്‍ അറിയിച്ചു.

Top