കോവിഡ്19; ഡല്‍ഹി ആരോഗ്യമന്ത്രിക്ക് പ്ലാസ്മ തെറാപ്പി നല്‍കി, 24 മണിക്കൂര്‍ നിരീക്ഷണത്തില്‍

ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് ഗുരതരാവസ്ഥയിലായ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജയിനിന് പ്ലാസ്മ തെറാപ്പി നല്‍കി. അദ്ദേഹത്തിന് ഇപ്പോള്‍ പനിയില്ല. അടുത്ത 24 മണിക്കൂര്‍ അദ്ദേഹത്തിന്റെ ആരോഗ്യ നില ഐസിയുവില്‍ നിരീക്ഷിക്കുമെന്ന് സത്യേന്ദ്ര ജെയിന്റെ ഓഫീസ് അറിയിച്ചു.

ജൂണ്‍ 16-ന് തുടര്‍ച്ചയായി പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സത്യേന്ദര്‍ ജെയിനിന് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് പോസിറ്റീവായ വിവരം ജൂണ്‍ 17-ന് അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. തുടര്‍ന്ന്‌ ന്യൂമോണിയയുടെ ഫലമായി കടുത്ത ശ്വാസതടസ്സം നേരിട്ടിരുന്ന ഇദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി വെള്ളിയാഴ്ച ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സര്‍ക്കാര്‍ ആശുപത്രിയായ രാജീവ്ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റിയില്‍നിന്ന് തെക്കന്‍ ഡല്‍ഹിയിലെ മാക്‌സ് ആശുപത്രിയിലേക്കാണ് മാറ്റിയത്.

ഐ.സി.യു.വില്‍ കഴിയുന്ന ഇദ്ദേഹത്തിന് മുഴുവന് സമയവും ഓക്‌സിജന്‍ നല്‍കുന്നുണ്ട്. ജയിനിന്റെ ആരോഗ്യം മോശമായ സാഹചര്യത്തില്‍ ആരോഗ്യവകുപ്പിന്റെ ചുമതല ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കാണ്. സത്യേന്ദര്‍ ജയിന്‍ എത്രയും വേഗം സുഖംപ്രാപിക്കട്ടെയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു. ഞായറാഴ്ച അമിത് ഷാ വിളിച്ചുചേര്‍ത്ത ഡല്‍ഹിയിലെ കോവിഡ് അവലോകന യോഗത്തില്‍ ജയിന്‍ പങ്കെടുത്തിരുന്നു.

Top