ദില്ലി മേയര്‍ ആം ആദ്മി പാർട്ടിക്ക് തന്നെ; അട്ടിമറിക്കില്ലെന്ന് വ്യക്തമാക്കി ബിജെപി

ദില്ലി: എംസിഡി തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ ഡൽഹി മേയർ തിരഞ്ഞെടുപ്പിലെ മുന്‍നിലപാട് തിരുത്തി ബിജെപി. ഭൂരിപക്ഷം ലഭിച്ചതിനാൽ അടുത്ത മേയർ ആം ആദ്മി പാർട്ടിയിൽ നിന്നായിരിക്കുമെന്ന് ബിജെപി വ്യക്തമാക്കി.

“എംസിഡിയിൽ ബിജെപി ശക്തമായ പ്രതിപക്ഷത്തിന്റെ പങ്ക് വഹിക്കും,” ദില്ലി ബിജെപി പ്രസിഡന്റ് ആദേശ് ഗുപ്ത ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. തന്റെ പാർട്ടി ഒരു അഴിമതിയും അനുവദിക്കില്ലെന്നും എംസിഡിയിൽ ഒരു “കാവൽ നായ” ആയി പ്രവർത്തിക്കുമെന്നും കൂട്ടിച്ചേർത്തു.

“ദില്ലി വൃത്തിയായിരിക്കണം, എംസിഡി നല്ല ജോലി ചെയ്യണം, അത് ഞങ്ങളുടെ മുൻഗണനയായിരിക്കും,” ദില്ലി ബിജെപി പ്രസിഡന്റ് ആദേശ് ഗുപ്ത കൂട്ടിച്ചേര്‍ത്തു.

എംസിഡി തെരഞ്ഞെടുപ്പിൽ എഎപി ഭൂരിപക്ഷം നേടിയിരിക്കാമെന്നും, എന്നാൽ മേയർ തിരഞ്ഞെടുപ്പ് ഒരു തുറന്ന അവസരമാണെന്നും. അംആദ്മി ഏറ്റവും വലിയ കക്ഷിയായ ചണ്ഡീഗഢിൽ ബിജെപിയിൽ നിന്ന് ഒരു മേയർ ഉണ്ടെന്ന് പറഞ്ഞിരുന്നു. ഇതോടെ ദില്ലിയില്‍ മേയര്‍ സ്ഥാനം ആംആദ്മിക്ക് നല്‍കാതെ ബിജെപി രാഷ്ട്രീയ തന്ത്രവുമായി രംഗത്ത് എത്തുമെന്നാണ് നിരീക്ഷിക്കപ്പെട്ടത്. ഇതില്‍ നിന്നാണ് പിന്നോട്ട് പോയി ഇപ്പോള്‍ ബിജെപി നിലപാട് വ്യക്തമാക്കുന്നത്.

“ഇനി ദില്ലി ഒരു മേയറെ തെരഞ്ഞെടുക്കുകയാണ്. ആർക്കൊക്കെ ഇഞ്ചോടിഞ്ച് പോരാട്ടം നടത്താം, നോമിനേറ്റഡ് കൗൺസിലർമാർ ഏത് രീതിയിൽ വോട്ടുചെയ്യും എന്നതിനെ ആശ്രയിച്ചിരിക്കും തെരഞ്ഞെടുപ്പ്. ദാഹരണത്തിന്, ചണ്ഡീഗഡിന് ഒരു ബിജെപി മേയറുണ്ട് ” ബിജെപിയുടെ ഐടി വകുപ്പ് മേധാവി അമിത് മാളവ്യ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു

35 വാർഡുകളിലേക്കുള്ള ചണ്ഡീഗഡ് മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ 14 സീറ്റുകൾ നേടി എഎപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയെങ്കിലും മേയര്‍ സ്ഥാനാര്‍ത്ഥി ബിജെപിയുടെ ആയിരുന്നു.

ദില്ലി മുനിസിപ്പൽ കോർപ്പറേഷൻ (എംസിഡി) തെരഞ്ഞെടുപ്പിൽ 134 വാർഡുകൾ നേടി എഎപി ബുധനാഴ്ച ബിജെപിയുടെ ഒന്നര പതിറ്റാണ്ടിലേറെ നീണ്ട ആധിപത്യം തകര്‍ത്തിരുന്നു.

Top