കുപ്പി തലയില്‍ വീണതിനെച്ചൊല്ലി വാക്കു തര്‍ക്കം; അയല്‍ക്കാരന്റെ കുത്തേറ്റ വീട്ടമ്മ മരിച്ചു

MURDER

ന്യൂഡല്‍ഹി: അയല്‍ക്കാര്‍ തമ്മിലുണ്ടായ വാക്കു തര്‍ക്കത്തിനിടെ അയല്‍ക്കാരന്‍ വീട്ടമ്മയെ കുത്തിക്കൊലപ്പെടുത്തി. ഡല്‍ഹിയിലെ ഖയാല മേഖലയിലാണു സംഭവം. സുനിത (35) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് വീരു (41), മകന്‍ ആകാശ് (18) എന്നിവരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുപ്പി താഴെ വീണതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

സുനിതയുടെ മകള്‍ സ്‌കൂള്‍ വിട്ടു വന്നു രണ്ടാം നിലയിലേക്കുള്ള പടികയറുന്നതിനിടെ കയ്യിലുണ്ടായിരുന്ന വെള്ളക്കുപ്പി താഴെ വീണു. ഇത് സ്റ്റെയര്‍ കെയ്‌സിനു താഴെ നിന്ന കെട്ടിട ഉടമ ആസാദിന്റെ തലയിലാണ് അതു വീണത്. തുടര്‍ന്ന് സുനിതയും ആസാദും തമ്മില്‍ തര്‍ക്കമുണ്ടായി. പിന്നീട് അമ്മയുമായുണ്ടായ വഴക്കിനെക്കുറിച്ച് ആസാദിനോട് ചോദിക്കാന്‍ സുനിതയുടെ മകന്‍ ആകാശ് സ്ഥലത്തെത്തുകയും അത് വലിയ വഴക്കായി മാറുകയുമായിരുന്നു.

അസാദിന്റെ വീട്ടിലേക്കു ചെന്ന ആകാശ് തുടര്‍ന്ന് അമ്മയുമായി തര്‍ക്കമുണ്ടാക്കിയതിനെക്കുറിച്ചു ചോദിച്ച് ബഹളം വച്ചു. തൊട്ടുപിന്നാലെ ഇയാളുടെ പിതാവ് വീരു സ്ഥലത്തെത്തുകയും ആസാദുമായി സംഘര്‍ഷത്തിലേര്‍പ്പെടുകയും ചെയ്തു. ഉടന്‍തന്നെ ആസാദ് കത്തിയെടുത്ത് അവരെ ആക്രമിച്ചു. തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് സുനിതയ്ക്കു കുത്തേറ്റത്.

ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും സുനിത മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ ആകാശും വീരുവും ചികില്‍സയിലാണ്. അതേസമയം, ഇവരുടെ എട്ടു വയസ്സുകാരിയായ മകള്‍ വീടിനകത്ത് ആയിരുന്നതിനാല്‍ കത്തിക്കുത്തേല്‍ക്കാതെ രക്ഷപ്പെട്ടു. പ്രതി കുറ്റം സമ്മതിച്ചു. തര്‍ക്കം കണ്ട അയല്‍ക്കാരും വഴിയാത്രക്കാരും വിവരം പൊലീസില്‍ അറിയിക്കാതെ മൊബൈലില്‍ ദൃശ്യം പകര്‍ത്തുന്ന തിരക്കിലായിരുന്നു.

Top