ഡല്‍ഹി മദ്യനയ അഴിമതി:ബിആര്‍എസ് നേതാവ് കെ കവിതയെ ചോദ്യം ചെയ്യലിന് വിളിപ്പിച്ച് സിബിഐ

ല്‍ഹി മദ്യനയ അഴിമതി കേസില്‍ ബിആര്‍എസ് നേതാവ് കെ കവിതയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് സിബിഐ. ഈ മാസം 26ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദേശം. ഇത് രണ്ടാം തവണയാണ് കവിതയെ കേന്ദ്ര ഏജന്‍സി ചോദ്യം ചെയ്യലിന് വിളിപ്പിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ ഇവരെ സിബിഐ ചോദ്യം ചെയ്തിരുന്നു.

അതേസമയം മദ്യനയ അഴിമതി കേസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചിരുന്നുവെങ്കിലും ഹാജരായിരുന്നില്ല. ആറാം തവണയാണ് കെജ്‌രിവാള്‍ ചോദ്യം ചെയ്യലിന് ഹാജരാകാതിരിക്കുന്നത്. ഫെബ്രുവരി ഏഴിന് ഹാജരാകണമെന്നായിരുന്നു നിര്‍ദേശം.

കഴിഞ്ഞ നാല് മാസത്തിനിടെ ആറ് സമന്‍സുകളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കെജ്‌രിവാളിന് അയച്ചത്. രാഷ്ട്രീയ പ്രേരിതമെന്ന് ആരോപിച്ച് കെജ്‌രിവാള്‍ ഈ നോട്ടീസുകള്‍ തള്ളുകയായിരുന്നു. 2021-22 കാലത്തെ ഡല്‍ഹി സര്‍ക്കാരിന്റെ മദ്യ നയത്തില്‍ പക്ഷപാതപരമായ കൃത്രിമം നടന്നു എന്ന ആരോപണമാണ് കേസിന് ആധാരം.

മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കവിതയെ ചോദ്യം ചെയിതിരുന്നു. മദ്യനയ അഴിമതി കേസില്‍ കവിതയുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌ ബുച്ചിബാബുവിനെ ചോദ്യം ചെയ്തതിന് ശേഷമായിരുന്നു കഴിഞ്ഞ മാര്‍ച്ചില്‍ ഇഡി കവിതയെ ചോദ്യം ചെയ്തത്. ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടിക്കും ദക്ഷിണേന്ത്യന്‍ സംഘത്തിനും ഇടയിലെ പ്രധാന കണ്ണി ബുച്ചിബാബു ആണെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ലാഭ വിഹിതം വീതം വെച്ചതിലും കമ്പനികളുമായി ചര്‍ച്ച നടത്തിയതിലും ബുച്ചിബാബുവിന് പ്രധാനപങ്കുണ്ടെന്നാണ് ഇഡി പറയുന്നത്. ബുച്ചിബാബു നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കവിതയെ ഇഡി ചോദ്യം ചെയ്തതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കവിതയുമായി അടുപ്പമുള്ള മലയാളി വ്യവസായി അരുണ്‍ രാമചന്ദ്രന്‍ പിള്ളയെയും മദ്യനയ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവുവിന്റെ മകളും ബിആര്‍എസ് നേതാവുമായ കവിതയുമായി അടുത്ത ബന്ധമാണ് അരുണിനുള്ളതെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. മദ്യ ലോബികള്‍ക്കും സര്‍ക്കാരിനുമിടയില്‍ ഇയാള്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചുവെന്നായിരുന്നു ഇഡിയുടെ ആരോപണം.
Top