ദില്ലി മദ്യനയ അഴിമതിക്കേസ്; കെ കവിത അറസ്റ്റിൽ

ല്‍ഹി മദ്യനയഅഴിമതിക്കേസുമായി ബന്ധപ്പെട്ട് ബിആര്‍എസ് നേതാവ് കെ കവിത അറസ്റ്റിൽ. കവിതയെ ചോദ്യം ചെയ്യലിനായി ഡൽഹിയിലേയ്ക്ക് കൊണ്ടുപോകും. ഹൈദരാബാദിലെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. ഇഡി നല്‍കിയ പല സമന്‍സുകളും കെ കവിത അവഗണിച്ചതിനെ തുടര്‍ന്നായിരുന്നു റെയ്ഡ്. പിന്നാലെയാണ് നടപടി.

തെലങ്കാനയിലെ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവും മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകളുമാണ് കെ കവിത. ഈ വര്‍ഷം മാത്രം രണ്ട് സമന്‍സുകള്‍ കവിത അവഗണിച്ചതായി ഇഡി പറയുന്നു. റദ്ദാക്കിയ ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ പ്രതിയായ അമിത് അറോറയാണ് ചോദ്യം ചെയ്യലില്‍ കവിതയുടെ പേര് ഉന്നയിച്ചത്. മറ്റൊരു പ്രതിയായ വിജയ് നായര്‍ മുഖേന എഎപി നേതാക്കള്‍ക്ക് 100 കോടി രൂപ കിക്ക്ബാക്ക് ഇനത്തില്‍ നല്‍കിയത് സൗത്ത് ഗ്രൂപ്പ് എന്ന മദ്യലോബിയാണെന്നും ഇഡി ആരോപിക്കുന്നു.

മദ്യനയക്കേസില്‍ ചോദ്യം ചെയ്യലിനായി സിബിഐ നല്‍കിയ നോട്ടീസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കവിത കത്തയച്ചിരുന്നു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ തെലങ്കാനയില്‍ തന്റെ വ്യക്തിപരമായ സാന്നിധ്യം ആവശ്യമാണെന്ന് സിബിഐയ്ക്ക് അയച്ച കത്തില്‍ കവിത ചൂണ്ടിക്കാട്ടിയിരുന്നു.

 

Top