ഡല്‍ഹിയില്‍ അഭിഭാഷകരുടെ സമരം ഇന്നും തുടരും ; പൊതുജനങ്ങളെ തടയില്ല

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ അഭിഭാഷകരുടെ സമരം ഇന്നും തുടരും. അക്രമം നടത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പൂര്‍ണമായി നടപടിയെടുക്കാതെ സമരം പിന്‍വലിക്കില്ലന്ന നിലപാടിലാണ് അഭിഭാഷകര്‍.

ജില്ലാ കോടതികളിലെ പണിമുടക്കും പ്രതിഷേധവും നീതി ലഭിക്കും വരെ തുടരാനാണ് അഭിഭാഷകരുടെ തീരുമാനം. ഇതനുസരിച്ച് സാകേത് അടക്കമുള്ള ജില്ലാ കോടതികളില്‍ ഇന്നും പ്രതിഷേധം നടക്കും. ഇന്നലെ പൊതുജനങ്ങളെ പ്രവേശിപ്പിക്കാതെ കവാടം അടച്ചു പൂട്ടിയ അഭിഭാഷകര്‍ ഇന്ന് അത്തരം നടപടികള്‍ ഉണ്ടാകില്ല എന്ന് അറിയിച്ചിട്ടുണ്ട്.

അതേസമയം കോടതിയില്‍ സുരക്ഷാ പരിശോധനയ്ക്കായി പൊലീസ് ഉദ്യോഗസ്ഥര്‍ എത്താനിടയില്ല. അതിനാല്‍ സുരക്ഷാ പരിശോധന അഭിഭാഷകര്‍ തന്നെ നടത്തുമെന്നാണ് അഭിഭാഷക സംഘടന അറിയിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥരെ ആരെയും കോടതിയില്‍ പ്രവേശിപ്പിക്കാതെ തടഞ്ഞിട്ടില്ല എന്നാണ് അഭിഭാഷകരുടെ വാദം. തങ്ങള്‍ നടത്തുന്ന സമരം സമാധാനപരമായിരിക്കുമെന്നും അഭിഭാഷകര്‍ അറിയിച്ചു.

നവംബര്‍ രണ്ട് ശനിയാഴ്ച തീസ് ഹസാരി, സാകേത് കോടതികളില്‍ പോലീസും അഭിഭാഷകരും തമ്മിലുണ്ടായ സംഘര്‍ഷങ്ങളാണ് രാജ്യതലസ്ഥാനത്ത് ഇരുവിഭാഗങ്ങളും തമ്മിലുള്ള തര്‍ക്കം ഉടലെടുക്കാന്‍ കാരണം. പോലീസുകാരെ ആക്രമിച്ച അഭിഭാഷകരെ അറസ്റ്റ് ചെയ്യണമെന്നും മതിയായ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞദിവസം ആയിരത്തിലധികം പോലീസുകാര്‍ ഡല്‍ഹിയില്‍ പ്രതിഷേധിച്ചിരുന്നു. 11 മണിക്കൂറോളം ഈ പ്രതിഷേധം നീണ്ടുനിന്നു.

Top