വെടിവെയ്പ്പ് ചര്‍ച്ച ചെയ്യണം;പാര്‍ലമെന്റില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ്

ന്യൂഡല്‍ഹി: ജാമിയയിലേയും ഷഹീന്‍ ബാഗിലേയും വെടിവെയ്പ്പ് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് സമര്‍പ്പിച്ച് പി.കെ കുഞ്ഞാലിക്കുട്ടി എംപി.

പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും നടപ്പാക്കുന്നതിലെ ആശങ്കകള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എന്‍.കെ പ്രേമചന്ദ്രനും അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.

ഇന്നലെയാണ് പൗരത്വ നിയമഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധം നടക്കുന്ന ജാമിയ മിലിയയില്‍ വെടിവെപ്പുണ്ടായത്.ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. പ്രതിഷേധം നടത്തുന്നവര്‍ക്ക് നേരെ നാല് ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് വെടിവെപ്പുണ്ടാകുന്നത്.

സ്‌കൂട്ടറിലെത്തിയ രണ്ടംഗ സംഘമാണ് വെടിയുതിര്‍ത്തതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. ജാമിയ മിലിയ സര്‍വകലാശാലയുടെ അഞ്ചാം നമ്പര്‍ ഗെയ്റ്റിന് സമീപമാണ് വെടിവെപ്പുണ്ടായത്. വെടിവയ്പ്പിന് ശേഷം അക്രമികള്‍ ഓടി രക്ഷപ്പെട്ടതായി പ്രദേശവാസികള്‍ പറഞ്ഞു.

വെടിവെപ്പിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. രണ്ട് ദിവസം മുമ്പ് ജാമിയ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധപ്രകടനത്തിനിടെ പൊലീസ് നോക്കിനിലക്കെ നടത്തിയ വെടിവെപ്പില്‍ ഒരു വിദ്യാര്‍ഥിക്ക് പരിക്കേറ്റിരുന്നു.

Top