യാത്രാവിലക്ക്; കുനാല്‍ കമ്ര നല്‍കിയ ഹര്‍ജി തള്ളി ഹൈക്കോടതി

ന്യൂഡല്‍ഹി: വിമാന യാത്രാവിലക്കിനെതിരെ സ്റ്റാന്‍ഡപ് കൊമേഡിയന്‍ കുനാല്‍ കമ്ര നല്‍കിയ ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി.

ഇത്തരം പെരുമാറ്റങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്രയുടെ ഹര്‍ജി കോടതി തള്ളിയത്. രാജ്യത്തെ പ്രമുഖ വിമാന കമ്പനികള്‍ ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് ചോദ്യം ചെയ്താണ് കമ്ര ഹൈക്കോടതിയെ സമീപിച്ചത്.

ജനുവരിയില്‍ ഒരു ടിവി ചാനല്‍ എഡിറ്ററോട് ഇന്‍ഡിഗോ വിമാനത്തില്‍ മോശമായി പെരുമാറിയതിനാണ് കമ്രയ്ക്കു അഞ്ച് വിമാനക്കമ്പനികള്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.

ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ മുംബൈ-ലക്‌നൗ യാത്രയ്ക്കിടെയായിരുന്നു സഹയാത്രികനായ അര്‍ണബിനെ കമ്ര ചോദ്യം ചെയ്തത്. താങ്കള്‍ ഒരു ഭീരുവാണോ മാധ്യമപ്രവര്‍ത്തകനാണോ അല്ലെങ്കില്‍ ദേശീയവാദിയാണോ എന്നു പ്രേക്ഷകര്‍ക്ക് അറിയണമെന്നായിരുന്നു കമ്രയുടെ ചോദ്യം. അര്‍ണബിന്റെ അവതരണ ശൈലിയെ അനുകരിച്ചായിരുന്നു ചോദ്യം.

പരിഹസിച്ചുകൊണ്ട് അര്‍ണബിനെ ചോദ്യം ചെയ്യുന്ന വീഡിയോ കുനാല്‍ കമ്ര പോസ്റ്റ് ചെയ്തിരുന്നു. ഹൈദരാബാദ് സര്‍വകലാശാലയില്‍ ജാതീയ കാരണങ്ങളാല്‍ മരിച്ച രോഹിത് വെമുലയുടെ അമ്മയ്ക്കു വേണ്ടിയാണു താന്‍ ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നതെന്നും ഇത്തിരിയെങ്കെിലും മനുഷ്യത്വം ഹൃദയത്തിലുണ്ടെങ്കില്‍ രോഹിതിന്റെ ആത്മഹത്യാ കുറിപ്പു വായിക്കണമെന്നും വീഡിയോയില്‍ കമ്ര പറയുന്നുണ്ട്. ഇതിനു പിന്നാലെയായിരുന്നു യാത്രാവിലക്ക്.

Top