പോരാട്ടം തുടരൂ; ഐഷെ ഘോഷിന് ആശംസ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ന്യൂഡല്‍ഹി: ജെഎന്‍യു ക്യാമ്പസില്‍ മുഖമൂടിധാരികള്‍ നടത്തിയ അക്രമത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷെ ഘോഷ് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പരിശോധനയ്‌ക്കെത്തി മടങ്ങുമ്പോഴാണ് ഐഷെ കേരള ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടത്. കേരളത്തിന്റെ ഡല്‍ഹിയിലെ പ്രതിനിധി ഡോ. എ സമ്പത്തും മുഖ്യമന്ത്രിയ്‌ക്കൊപ്പം ഉണ്ടായിരുന്നു.

ജെഎന്‍യുവിലെ പോരാട്ടങ്ങളെക്കുറിച്ചും മുഖംമൂടി സംഘത്തിന്റെ ആക്രമണത്തില്‍ സംഭവിച്ച പരിക്കിനെക്കുറിച്ചും മുഖ്യമന്ത്രി ചോദിച്ചറിഞ്ഞു. വിദ്യാര്‍ഥികള്‍ തുടരുന്ന പോരാട്ടം അവസാനിപ്പിക്കരുതെന്നും ഐഷെ ഘോഷിനോട് മുഖ്യമന്ത്രി പറഞ്ഞു.

ജെഎന്‍യു വിസി രാജിവയ്ക്കും വരെ പോരാട്ടം നിര്‍ത്തില്ലെന്നും പോരാട്ടങ്ങള്‍ക്ക് എല്ലാം പിന്തുണയും ആവശ്യമാണെന്നും ഐഷെ ഘോഷ് മുഖ്യമന്ത്രിയോട് പറഞ്ഞു. ജെഎന്‍യു വിദ്യാര്‍ഥികളുടെ പോരാട്ടത്തിന് കേരളത്തില്‍ നിന്നും ലഭിച്ച പിന്തുണയ്ക്ക് ഐഷെ ഘോഷ് പിന്നീട് നന്ദി അറിയിച്ചു.

എസ്എഫ്‌ഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം നിതീഷ് നാരായണന്‍, ജെഎന്‍യുവിലെ അക്രമത്തില്‍ പരിക്കേറ്റ ചെങ്ങന്നൂര്‍ സ്വദേശി നിഖില്‍ എന്നിവരും ഐഷെയ്‌ക്കൊപ്പം ഉണ്ടായിരുന്നു.

Top