ജെന്‍യു സംഭവം; പ്രതി പട്ടികയില്‍ ചേര്‍ത്ത പൊലീസിനെതിരെ ഐഷി ഘോഷ്‌

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ മുഖം മൂടി ധാരികള്‍ നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട് പൊലീസ് പുറത്തുവിട്ട പ്രതിപ്പട്ടികയ്‌ക്കെതിരെ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ്. പ്രതി പട്ടികയില്‍ പേര് ചേര്‍ക്കപ്പെട്ട താന്‍ ക്യാമ്പസില്‍ മുഖം മൂടിയിട്ട് വന്നവരില്‍ ഉണ്ടോ എന്നും താന്‍ എന്ത് അക്രമമാണ് നടത്തിയതെന്നും പൊലീസ് വ്യക്തമാക്കണമെന്നുമായിരുന്നു ഐഷിയുടെ പ്രതികരണം.

ക്യാമ്പസില്‍ മുഖം മൂടിയിട്ട് വന്നവരില്‍ താനുണ്ടായിരുന്നോ ? ആക്രമണത്തില്‍ പരിക്ക് പറ്റിയ വ്യക്തിയാണ് താന്‍. എന്റെ വസ്ത്രത്തില്‍ ഇപ്പോഴും രക്തക്കറയുണ്ട്. തങ്ങളുടെ കൂട്ടത്തിലുള്ള ആരും തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും കോടതിയില്‍ വിശ്വാസമുണ്ടെന്നും ആരോപണങ്ങള്‍ പൊലീസ് കോടതിയില്‍ തെളിയിക്കട്ടെയെന്നും ഐഷി ഘോഷ് പറഞ്ഞു.

നേരത്തെ, ആക്രമണത്തിനിടിയിലെ ചിത്രങ്ങള്‍ പൊലീസ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പുറത്ത് വിട്ടിരുന്നു. എന്നാല്‍ തന്നെ ആരൊക്കെയാണ് ആക്രമിച്ചതെന്നും എങ്ങനെയാണ് അക്രമം നടന്നതെന്നും തന്റെ കൈയിലും തെളിവുണ്ടെന്ന് ഐഷി പറഞ്ഞു. അക്രമികള്‍ കാമ്പസില്‍ അഴിഞ്ഞാടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ താന്‍ നല്‍കിയ പരാതിയില്‍ കേസെടുക്കാന്‍ പോലും പൊലീസ് തയാറായിട്ടില്ലെന്നും ഐഷി ഘോഷ് കൂട്ടിച്ചേര്‍ത്തു.

പൊലീസ് പുറത്തുവിട്ട പ്രതിപ്പട്ടികയില്‍ ഐഷി ഘോഷ് അടക്കം ഏഴ് ഇടത് വിദ്യാര്‍ത്ഥി നേതാക്കളെ പ്രതിയാക്കി ഡല്‍ഹി പൊലീസ് പട്ടിക ഇറക്കിയിരുന്നു.എന്നാല്‍ അതില്‍ വെറും രണ്ട് പേര് മാത്രമാണ് എബിവിപി പ്രവര്‍ത്തകരായിട്ടുള്ളത്.ഇതിനെതിരെയാണ് രൂക്ഷ വിമര്‍ശനവുമായി ഐഷി എത്തിയത്.

Top