ജമ്മുകശ്മീരിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിക്കാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്ക് നിര്‍ദ്ദേശം. കോടതി ഉത്തരവിന് പിന്നാലെയാണ് സേവനങ്ങള്‍ പുനസ്ഥാപിക്കാന്‍ ഒരുങ്ങുന്നത്. മാത്രമല്ല അവശ്യ സേവനങ്ങളായ ആശുപത്രികള്‍, ബാങ്കുകള്‍ എന്നിവടങ്ങളില്‍ ബ്രോഡ്ബാന്റ് സ്ഥാപിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഈ മാസം ആദ്യം എസ്എംഎസ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചിരുന്നു. ജമ്മുകശ്മീരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കണമെന്നും സുരക്ഷയ്‌ക്കൊപ്പം ജനങ്ങളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും പ്രധാനപ്പെട്ടതാണെന്ന് വ്യക്തമാക്കിയാണ് ഈ മാസം പത്താം തിയതി സുപ്രീംകോടതി ഉത്തരവിട്ടത്.

144-ാം വകുപ്പ് പ്രകാരം നിയന്ത്രണങ്ങള്‍ നീട്ടിക്കൊണ്ടുപോകാനാകില്ല. ഇന്റര്‍നെറ്റ് അവകാശം ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. ആവിഷ്‌കാര സ്വാതന്ത്ര്യം നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണ്.

ഇന്റര്‍നെറ്റ് സേവനം അനിശ്ചിതകാലത്തേക്ക് നിയന്ത്രിക്കുന്നത് ടെലികോം നിയമത്തിന്റേയും ലംഘനമാണ്. നിയന്ത്രണ ഉത്തരവുകള്‍ സര്‍ക്കാര്‍ പരസ്യപ്പെടുത്തണം. അത് കോടതികളില്‍ ചോദ്യം ചെയ്യാമെന്നും ജസ്റ്റിസ് എന്‍ വി രമണ അദ്ധ്യക്ഷനായ കോടതി വ്യക്തമാക്കിയിരുന്നു.

Top