തീസ് ഹസാരി കോടതി സംഘര്‍ഷം; കേന്ദ്രത്തിന് ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്

ന്യൂഡല്‍ഹി: ഇന്നലെ തീസ് ഹസാരി കോടതി വളപ്പിലെ പോലീസ്-അഭിഭാഷക സംഘര്‍ഷത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനും ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്കും ചീഫ് സെക്രട്ടറിക്കും ഡല്‍ഹി ഹൈക്കോടതി നോട്ടീസയച്ചു.ഡല്‍ഹി ചീഫ് ജസ്റ്റിസ് ഡി.എന്‍ പട്ടേല്‍ അധ്യക്ഷനായ ബെഞ്ചാണ് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്.

സംഘട്ടനത്തെ കുറിച്ചുള്ള മാധ്യമ വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ വിഷയത്തില്‍ കോടതി സ്വമേധയാ ഇടപെടുകയായിരുന്നു. കേസില്‍ അടിയന്തരമായി വാദം കേള്‍ക്കാനും കോടതി തീരുമാനിച്ചിട്ടുണ്ട്.ഹൈക്കോടതിയിലെ മറ്റ് മുതിര്‍ന്ന ജഡ്ജിമാരുമായും ഡല്‍ഹി പോലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായും ജസ്റ്റിസ് ഡി.എന്‍ പട്ടേല്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഉച്ചയ്ക്ക് 12.30 ഓടെയാണ് കൂടിക്കാഴ്ച അവസാനിച്ചത്. ഇതിനു പിന്നാലെയാണ് കേസില്‍ അടിയന്തരമായി വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചത്.

ഡല്‍ഹി ബാര്‍ കൗണ്‍സിലിനും ഡല്‍ഹി ജില്ലാ കോടതികളിലെ ബാര്‍ അസോസിയേഷനുകള്‍ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

ഇന്നലെയാണ് തീസ് ഹസാരി കോടതി സമുച്ചയത്തില്‍ അഭിഭാഷകരും ഡല്‍ഹി പൊലീസും തമ്മില്‍ ഏറ്റുമുട്ടിയത്. ശനിയാഴ്ച്ച ഉച്ചയ്ക്കാണ് ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. സംഘര്‍ഷത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇതിലൊരു സിസിടിവി ദൃശ്യത്തില്‍ അമ്പതിലേറെ വരുന്ന അഭിഭാഷകര്‍ ചേര്‍ന്ന് ഒരു പൊലീസുദ്യോഗസ്ഥനെ ക്രൂരമായി മര്‍ദ്ദിക്കുന്നതും മറ്റൊരു ദൃശ്യത്തില്‍ പൊലീസ് വാഹനങ്ങള്‍ എറിഞ്ഞു തകര്‍ക്കുന്നതും കാണാം.

Top