കുട്ടികളിലെ വാക്‌സിനേഷന്‍ മതിയായ പഠനത്തിന് ശേഷം മതിയെന്ന് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിന്‍ വിതരണം മതിയായ ക്ലിനിക്കല്‍ ട്രയലുകള്‍ക്ക് ശേഷം മാത്രം മതിയെന്ന് ഡല്‍ഹി ഹൈക്കോടതി. തിടുക്കം കാണിച്ച് ദുരന്തം ക്ഷണിച്ച് വരുത്തരുതെന്നും കേന്ദ്ര സര്‍ക്കാരിന് കോടതി മുന്നറിയിപ്പ് നല്‍കി. 12 മുതല്‍ 17 വയസ്സു വരെയുള്ളവരിലെ വാക്സിനേഷന്‍ വേഗത്തിലാക്കുന്നത് സംബന്ധിച്ച് കേന്ദ്രത്തിന് നിര്‍ദേശം നല്‍കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം.

മതിയായ പരിശോധനകള്‍ക്കും വിദഗ്ധരുടെ അഭിപ്രായത്തിനും ശേഷമേ കുട്ടികളിലെ വാക്സിനേഷന്‍ ആരംഭിക്കുകയുള്ളൂവെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ചീഫ് ജസ്റ്റിസ് ഡി.എന്‍. പട്ടേല്‍, ജസ്റ്റിസ് ജ്യോതി സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ഹര്‍ജി പരിഗണിക്കുന്നത് സെപ്റ്റംബര്‍ ആറിലേക്ക് മാറ്റി. രക്ഷിതാക്കളുടെ ഈ വിഷയത്തിലെ ഉത്കണ്ഠ മനസ്സിലാക്കാന്‍ കഴിയുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

Top