എയിംസിലെ നഴ്‌സുമാരുടെ സമരം തുടരാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: എയിംസിലെ നഴ്സുമാരുടെ അനിശ്ചിതകാല സമരം തുടരാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. വിഷയത്തില്‍ തുടര്‍വാദം കേള്‍ക്കുന്ന ജനുവരി 18 വരെ സമരം പാടില്ലെന്ന് കോടതി പറഞ്ഞു. നഴ്സുമാരുടെ സമരം അവസാനിപ്പിക്കാന്‍ നിയമസഹായം തേടി എയിംസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കോടതി നിര്‍ദേശം. ജസ്റ്റിസ് നവീന്‍ ചൗളയുടെ ബെഞ്ചിന്റെതാണ് ഉത്തരവ്.

നഴ്സുമാരുടെ സമരം നിയമവിരുദ്ധമാണെന്നും ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട്സ് നിയമത്തിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാണിച്ച് എയിംസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കോടതി നിര്‍ദേശം. എയിംസ് ജീവനക്കാര്‍ സമരം ചെയ്യാന്‍ പാടില്ലെന്ന ഹൈക്കോടതി നേരത്തെ പുറത്തിറക്കിയ ഉത്തരവിന്റെ ലംഘനമാണ് ഇപ്പോള്‍ നടക്കുന്നതെന്നും എയിംസ് കോടതിയെ അറിയിച്ചിരുന്നു.

ശമ്പളഘടന ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എയിംസിലെ നഴ്‌സുമാര്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്. ശമ്പളവുമായി ബന്ധപ്പെട്ട് നേരത്തെ കേന്ദ്ര ആരോഗ്യമന്ത്രി നല്‍കിയ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്ന് എയിംസ് നഴ്‌സസ് യൂണിയന്‍ ആരോപിച്ചിരുന്നു. നഴ്‌സുമാരുടെ പരാതി കേള്‍ക്കുകയോ പരിഹരിക്കുകയോ ചെയ്യുന്നതിനു പകരം സമരം നേരിടാന്‍ അധികൃതര്‍ കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുകയാണെന്നും യൂണിയന്‍ ഉന്നയിച്ചിരുന്നു.

Top