ന്യൂഡല്‍ഹി : കേജരിവാളിന്റെ പ്രതിഷേധത്തെ സമരമെന്ന് വിളിക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. മറ്റൊരാളുടെ ഓഫീസിലോ വീട്ടിലോ കയറിയിരുന്ന് എങ്ങനെ സമരം നടത്താന്‍ കഴിയും. ലഫ്.ഗവര്‍ണറുടെ വീട്ടില്‍ സമരത്തിന് ആര് അധികാരം നല്‍കിയെന്നും കോടതി ചോദിച്ചു.
ഐ എ എസ് ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനോടു കാണിക്കുന്ന നിസ്സഹകരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് അരവിന്ദ് കേജ്രിവാളും മറ്റു നാലുമന്ത്രിമാരും ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ വസതിയില്‍ എട്ടുദിവസമായി കുത്തിയിരിപ്പ് സമരം നടത്തുന്നത്. ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയിലെ സ്വീകരണമുറിയിലാണു കെജ്രിവാളിനൊപ്പം ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആരോഗ്യ മന്ത്രി സത്യേന്ദ്ര ജയിന്‍, വികസനകാര്യ മന്ത്രി ഗോപാല്‍ റായി എന്നിവര്‍ കുത്തിയിരിപ്പു സമരം നടത്തുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ടാണ് മുഖ്യമന്ത്രി കെജ്രിവാളും മൂന്നു മന്ത്രിമാരും ഗവര്‍ണറുടെ ഓഫിസിലെത്തിയത്. എന്നാല്‍, ചര്‍ച്ചക്കുപോലും അവസരം നല്‍കാതെ വന്നതോടെയാണ് നാലു പേരും വെയ്റ്റിങ് റൂമില്‍ സമരം തുടങ്ങിയത്. ഇതോടെ ഗവര്‍ണര്‍ പ്രവര്‍ത്തനം സ്വന്തം വസതിയിലേക്കു മാറ്റി.
റേഷന്‍ വീട്ടുപടിക്കല്‍ എത്തിച്ചുനല്‍കാനുള്ള എ.എ.പി സര്‍ക്കാറിന്റെ പദ്ധതിക്ക് ഗവര്‍ണര്‍ അംഗീകാരം നല്‍കാത്തതും പ്രതിഷേധ വിഷയമാണ്. ഡല്‍ഹിയിലെ പ്രതിസന്ധി തിങ്കളാഴ്ച ഹൈകോടതി പരിഗണിക്കുന്നുണ്ട്. ഐ.എ.എസുകാരുടെ ശീതസമരം അവസാനിപ്പിക്കാന്‍ ലഫ്. ഗവര്‍ണര്‍ നിര്‍ദേശിക്കണമെന്നാണ് കോടതിക്കു മുമ്പാകെ എത്തിയിട്ടുള്ള ഒരു ഹര്‍ജി. മുഖ്യമന്ത്രിയും മന്ത്രിമാരും ഗവര്‍ണറുടെ ഓഫിസില്‍ നടത്തുന്ന സമരം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്നതാണ് മറ്റൊന്ന്.