മലയാളി മാധ്യമപ്രവര്‍ത്തകയെ കൊലപ്പെടുത്തിയ കേസില്‍ നാല് പ്രതികള്‍ക്ക് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു

ഡല്‍ഹി: മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥനെ കൊലപ്പെടുത്തിയ കേസില്‍ നാല് പ്രതികള്‍ക്ക് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസുമാരായ സുരേഷ് കുമാര്‍ കൈത്, ഗിരീഷ് കത്പാലിയ എന്നിവരടങ്ങിയ ബെഞ്ചാണ് പ്രതികളായ രവി കപൂര്‍, അമിത് ശുക്ല, ബല്‍ജീത് സിങ് മാലിക്, അജയ് കുമാര്‍ എന്നിവര്‍ക്ക് ജാമ്യം അനുവദിച്ചത്. ജീവപര്യന്തം വിധിച്ച സാകേത് വിചാരണക്കോടതി വിധി ചോദ്യം ചെയ്തുള്ള പ്രതികളുടെ അപ്പീല്‍ തീര്‍പ്പാക്കുംവരെ ശിക്ഷ മരവിപ്പിക്കുകയും ചെയ്തു.

കേസില്‍ 14 വര്‍ഷവും പത്തുമാസവുമായി കസ്റ്റഡിയിലാണെന്ന പ്രതികളുടെ വാദം പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. അജയ് കുമാര്‍ ജയില്‍മോചിതനാകും. രവി കപൂര്‍, അമിത് ശുക്ല, ബല്‍ജീത് സിങ് മാലിക് എന്നിവര്‍ ജിഗിഷ ഘോഷ് വധക്കേസില്‍ തടവ് അനുഭവിക്കുന്നതിനാല്‍ ജയില്‍ മോചനം പരോളിലൂടെ മാത്രമേ സാധിക്കൂ. ജാമ്യം അനുവദിച്ചത് നിര്‍ഭാഗ്യകരമെന്ന് സൗമ്യയുടെ അമ്മ മാധവി പ്രതികരിച്ചു.

2008 സെപ്റ്റംബര്‍ 30-ന് പുലര്‍ച്ചെ 3.30-ഓടെ ജോലി കഴിഞ്ഞ് കാറില്‍ വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് ടെലിവിഷന്‍ വാര്‍ത്താ ചാനലായ ഹെഡ്‌ലൈന്‍സ് ടുഡേയിലെ (ഇപ്പോള്‍ ഇന്ത്യാ ടുഡെ) മാധ്യമപ്രവര്‍ത്തകയായിരുന്ന ഇരുപത്തഞ്ചുകാരി സൗമ്യ വിശ്വനാഥന്‍ വെടിയേറ്റ് മരിച്ചത്.
2016 ഓഗസ്റ്റിലാണ് ജിഗിഷ ഘോഷ് വധക്കേസില്‍ വിചാരണക്കോടതി രവി കപൂറിനും അമിത് ശുക്ലയ്ക്കും വധശിക്ഷയും ബല്‍ജീത് മാലിക്കിന് ജീവപര്യന്തം തടവും വിധിച്ചത്.

Top