പുതുതായി ഇറക്കിയ 50,200 രൂപ നോട്ടുകള്‍ പുന:പരിശോധിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: പുതുതായി ഇറക്കിയ 50ന്റെയും 200 രൂപയുടെയും നോട്ടുകള്‍ പരിശോധനക്ക് വിധേയമാക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോടും ആര്‍.ബി.ഐയോടും ആവശ്യപ്പെട്ടു. കാഴ്ച വൈകല്യമുള്ളവര്‍ക്ക് പുതിയ 50ന്റെയും 200ന്റെയും നോട്ടുകള്‍ തിരിച്ചറിയുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്നു എന്നതിന്റെ പശ്ചാത്തലത്തിലാണ് ഉത്തരവ്.

നോട്ടുകള്‍ ഇറക്കുന്നതിന് മുന്‍പ് കാഴ്ചാ വൈകല്യമുള്ളവരുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന വിദഗ്ധരുടെ സര്‍ക്കാര്‍ ചര്‍ച്ച നടത്തേണ്ടതായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു.

ഡല്‍ഹി ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് ഗീത മിത്തലിന്റെയും ജസ്റ്റിസ് സി.ഹരി ശങ്കറിന്റെയും ബെഞ്ചാണ് സര്‍ക്കാരിനും ആര്‍.ബി.ഐക്കും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

പുതിയ 50ന്റെയും 200ന്റെയും നോട്ടുകളുടെ വലിപ്പ വ്യത്യാസം കാഴ്ചക്ക് വൈകല്യമുള്ളവര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഉത്തരവ്.ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ കോണ്‍ഫെഡറേഷന്‍ ഓഫ് ബ്ലൈന്റാണ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. 10, 2, 5, 1ന്റെയും നാണയങ്ങളും പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്നും അവ മാറ്റി പുതിയത് ഇറക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Top