നിമിഷ പ്രിയയുടെ അമ്മയ്ക്ക് യമനില്‍ പോകാന്‍ ഡല്‍ഹി ഹൈക്കോടതി അനുമതി നല്‍കി

ഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷ പ്രിയയെ കാണാന്‍ അമ്മയ്ക്ക് യാത്രാനുമതി നല്‍കി ഡല്‍ഹി ഹൈക്കോടതി. അമ്മ പ്രേമകുമാരിക്ക് യെമനിലേക്ക് പോകാമെന്ന് ഹൈക്കോടതി വിധിച്ചു. കേന്ദ്ര സര്‍ക്കാറിന്റെ എതിര്‍പ്പ് മറികടന്നാണ് വിധി.പ്രേമകുമാരിക്ക് സുരക്ഷ നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ മകളുടെ ജീവന്‍ രക്ഷിക്കാനാണ് അമ്മ പോകുന്നത്. അതിനെ എതിര്‍ക്കേണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി നിരീക്ഷിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി വിദേശകാര്യ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി.

യമനിലേക്കുള്ള യാത്ര അനുമതി തേടിയാണ് അമ്മ പ്രേമകുമാരി ഹൈക്കോടതിയെ സമീപിച്ചത്. യമനില്‍ പ്രേമകുമാരിയെ സഹായിക്കാന്‍ സന്നദ്ധത അറിയിച്ച തമിഴ്‌നാട് സ്വദേശി സാമുവേല്‍ ജെറോമിന്റെ വിവരങ്ങള്‍ നിമിഷയുടെ അമ്മയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഒപ്പം അമ്മക്കൊപ്പം യാത്ര ചെയ്യാന്‍ സന്നദ്ധത അറിയിച്ച രണ്ട് മലയാളികളുടെ വിവരങ്ങളും ധരിപ്പിച്ചു. ഇവരോട് വിശദമായ സത്യവാങ്മൂലം നല്‍കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് ലഭിച്ച ശേഷമാണ് കോടതി ഉത്തരവ്.

Top