വന്ദേമാതരത്തിന് ദേശീയഗാനത്തിന് തുല്യമായ പദവി നല്‍കണം; ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: വന്ദേമാതരത്തിന് ദേശീയഗാനത്തിന് തുല്യമായ പദവി നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി. വന്ദേമാതരത്തെ ദേശീയ ഗാനമായോ ദേശീയ ഗീതമായോ പ്രഖ്യാപിക്കുന്നതിനായി കേന്ദ്രത്തിന് നിര്‍ദേശം നല്‍കാന്‍ കഴിയില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിന്‍ കുമാര്‍ ഉപാധ്യായ് സമര്‍പ്പിച്ച ഹര്‍ജിയാണ് ഡല്‍ഹി ഹൈക്കോടതി തള്ളിയത്.

ചീഫ് ജസ്റ്റിസ് ഡി എന്‍ പട്ടേല്‍, ജസ്റ്റിസ് സി ഹരി ശങ്കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ദേശീയ ഗാനത്തിനും ദേശീയ ഗീതത്തിനും രാജ്യത്ത് കൂടുതല്‍ പ്രചരണം നല്‍കുന്നതിനായി ദേശീയ നയം രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും വിദ്യാലയങ്ങളില്‍ ഇവ ആലപിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നുമായിരുന്നു അശ്വിന്‍ കുമാര്‍ ഉപാധ്യായ സമര്‍പ്പിച്ച ഹര്‍ജിയില്‍ അവശ്യപ്പെട്ടിരുന്നത്.

2017 ലും ഇതേ ആവശ്യം ഉന്നയിച്ച്‌ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. വന്ദേമാതരത്തിന് ജനങ്ങളുടെ മനസില്‍ പ്രത്യേകസ്ഥാനമുണ്ടെങ്കിലും ജനഗണമനയുടെ തുല്യപദവി വന്ദേമാതരത്തിന് നല്‍കേണ്ട ആവശ്യമുദിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് അന്ന് കോടതി ഹര്‍ജി തള്ളിയത്.

Top