മിശ്രവിവാഹിതരെ സംരക്ഷിക്കാന്‍ മാര്‍ഗരേഖ പുറത്തിറക്കി ഡല്‍ഹി സര്‍ക്കാര്‍

മിശ്രവിവാഹിതരെ സംരക്ഷിക്കാന്‍ എസ്.ഒ.പി (സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജര്‍) പുറത്തിറക്കി ഡല്‍ഹി സര്‍ക്കാര്‍. വ്യത്യസ്ത മത-ജാതിയില്‍ പെട്ടവര്‍ വിവാഹിതരായാല്‍ അവര്‍ക്കെതിരേയുണ്ടാകുന്ന ആക്രമണം ഇല്ലാതാക്കാനാണ് മാര്‍ഗരേഖ പുറത്തിറക്കിയത്.

മിശ്രവിവാഹിതര്‍ക്കെതിരേയുള്ള ആക്രമണക്കേസുകള്‍ ഇനി പ്രത്യേക സംഘങ്ങള്‍ അന്വേഷിക്കും. മാര്‍ഗരേഖ അനുസരിച്ച് മിശ്രവിവാഹിതര്‍ക്ക് താമസിക്കാന്‍ സര്‍ക്കാര്‍ സുരക്ഷിത സ്ഥാനങ്ങള്‍ ഒരുക്കി നല്‍കും.

ബന്ധുക്കളില്‍ നിന്നും മറ്റ് ആള്‍ക്കൂട്ടങ്ങളില്‍ നിന്നുമുള്ള ആക്രമണത്തില്‍ നിന്ന് സംരക്ഷിക്കാനാണ് ഇത്തരം സുരക്ഷിത സ്ഥാനങ്ങള്‍ നല്‍കുക. നിലവില്‍ സ്ത്രീകള്‍ക്കായുള്ള ഹെല്‍പ്പ്ലൈന്‍ നമ്പറായ 181 ഇനി മിശ്രവിവാഹിതര്‍ക്കുള്ള ഹെല്‍പ്പ്ലൈന്‍ നമ്പറായും പ്രവര്‍ത്തിക്കും. ഈ ഹെല്‍പ്പ്ലൈനില്‍ മിശ്രവിവാഹിതര്‍ക്ക് മാനസികമായും നിയമപരമായുമുള്ള എല്ലാ പിന്തുണയും നല്‍കുമെന്ന് സാമൂഹ്യക്ഷേമ വകുപ്പ് പുറത്തിറക്കിയ മാര്‍ഗരേഖയില്‍ പറയുന്നു.

പോലീസ് ഒരുക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ ദമ്പതികള്‍ക്ക് താത്പര്യമില്ലെങ്കില്‍ അവര്‍ക്ക് അവരുടെ വീട്ടില്‍ തന്നെ പോലീസ് സംരക്ഷണം നല്‍കും. കഴിഞ്ഞയാഴ്ച തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ മിശ്രവിവാഹിതര്‍ക്കെതിരേ ആക്രമണം നടന്നിരുന്നു. സംഭവത്തില്‍ നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു.

 

Top