സ്വകാര്യമേഖല ജീവനക്കാര്‍ക്ക് വീടുകളില്‍ നിന്ന് ജോലി ചെയ്യാന്‍ അനുവാദം നല്‍കണം: സര്‍ക്കാര്‍

മാര്‍ച്ച് 31 വരെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വീടുകളില്‍ നിന്നും ജോലി ചെയ്യാന്‍ അനുവാദം നല്‍കണമെന്ന് സ്വകാര്യ മേഖലയ്ക്ക് നിര്‍ദ്ദേശം നല്‍കി ഡല്‍ഹി സര്‍ക്കാര്‍. കൊറോണാവൈറസ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.

ഇതിന് പുറമെ മറ്റ് നിര്‍ദ്ദേശങ്ങളും ഡല്‍ഹി സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. മുതിര്‍ന്ന പൗരന്‍മാര്‍, ഗര്‍ഭിണികള്‍, ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം എന്നിവ ബാധിച്ചവര്‍ വീടുകളില്‍ തുടരണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ‘എല്ലാ മള്‍ട്ടി നാഷണല്‍ കമ്പനികളും, ഐടി സ്ഥാപനങ്ങളും, വ്യവസായങ്ങളും, കോര്‍പറേറ്റ് ഓഫീസുകളും ഉള്‍പ്പെടെയുള്ള സ്വകാര്യ മേഖലയിലെ ഓഫീസുകളില്‍ ജോലി ചെയ്യുന്ന ഓഫീസര്‍മാര്‍, തൊഴിലാളികള്‍ എന്നിവര്‍ക്ക് മാര്‍ച്ച് 31 വരെ വീടുകളില്‍ നിന്ന് ജോലി ചെയ്യാന്‍ അനുമതി നല്‍കണം’, നിര്‍ദ്ദേശം വ്യക്തമാക്കി.

ഇതിന് പുറമെ തലസ്ഥാന നഗരത്തിലെ എല്ലാ മാളുകളും അടച്ചുപൂട്ടാന്‍ ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. പലചരക്ക്, ഫാര്‍മസി സ്റ്റോറുകള്‍ക്ക് മാത്രമാണ് ഇതില്‍ ഇളവ് അനുവദിച്ചിരിക്കുന്നത്. അടിയന്തരമല്ലാത്ത പൊതുജനങ്ങളുടെ ഇടപെടല്‍ മാര്‍ച്ച് 31 വരെ നിര്‍ത്താനും, അടിയന്തര പ്രാധാന്യമുള്ളവ മാത്രം നടത്താനുമാണ് നിര്‍ദ്ദേശം.

ഈ കാലയളവില്‍ അടിയന്തര സേവനങ്ങളില്‍ ഇല്ലാത്ത സ്ഥിരജോലിക്കാരും, കരാര്‍ ജോലിക്കാരും വീടുകളില്‍ നിന്നും ജോലി ചെയ്താല്‍ മതിയാകുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 223 പേര്‍ക്കാണ് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

Top