വാഹനത്തിരക്ക്‌ കുറയ്ക്കാന്‍ ഡല്‍ഹി സര്‍ക്കാരിന്റെ പുതിയ പാര്‍ക്കിങ് നയം

ന്യൂഡല്‍ഹി: വാഹനത്തിരക്കും അന്തരീക്ഷ മലിനീകരണവും കുറയ്ക്കാന്‍ പുതിയ പാര്‍ക്കിങ് നയവുമായി ഡല്‍ഹി സര്‍ക്കാര്‍.

ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ പുതിയ നയത്തിന് അംഗീകാരം നല്‍കിയിട്ടുണ്ട്‌.

വീടിന് പുറത്ത് വഴിവക്കില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നവര്‍ക്ക് കനത്ത ഫീസ് ഈടാക്കാന്‍ പാര്‍ക്കിങ് നയത്തില്‍ വ്യക്തമാക്കുന്നു.

പകല്‍സമയത്തും വാഹനത്തിരക്ക് കൂടുതലുള്ള സമയങ്ങളിലുമാണ് ഫീസ് ഈടാക്കുക. പക്ഷെ ആഴ്ചാവസാനങ്ങളിലും മറ്റ് ദിവസങ്ങളിലും ഫീസില്‍ വ്യത്യസമുണ്ടാകും.

കോളനി റോഡുകളില്‍ പാര്‍ക്കുചെയ്യുന്ന വാഹനങ്ങള്‍ക്കാണ് ഫീസീടാക്കുക. എന്നാല്‍ രാത്രിയില്‍ പകല്‍ സമയത്തേക്കാള്‍ കുറഞ്ഞ നിരക്കും രണ്ട് കാറുള്ളവരില്‍ നിന്ന് കൂടിയ നിരക്കും ഈടാക്കും.

ഡല്‍ഹി നഗരസഭകള്‍ക്ക് കാറുകള്‍ പാര്‍ക്കുചെയ്യുന്നതു സംബന്ധിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാം. അതേസമയം നടപ്പാതയില്‍ വാഹനം പാര്‍ക്കു ചെയ്യുന്നത് കുറ്റകരമാണെന്നും പുതിയ നയത്തില്‍ പറയുന്നു.

മാര്‍ക്കറ്റുകളില്‍ വാഹനം പാര്‍ക്കുചെയ്യാന്‍ അനുവാദമുള്ളത് കടകളിലേക്ക് വരുന്നവര്‍ക്ക് മാത്രമാണ്. കടയുടമകള്‍ ഇതിനായി പാര്‍ക്കിങ് ലോട്ടുകള്‍ തയ്യാറാക്കണം.

മാര്‍ക്കറ്റുകളിലെ പാര്‍ക്കിങ്ങിന് ഈടാക്കുന്ന ഫീസ് ഓരോ 30 മിനിറ്റിലും വര്‍ധിക്കും. മൂന്ന് മണിക്കൂറില്‍ കൂടുതല്‍ പാര്‍ക്ക് ചെയ്താല്‍ 100 രൂപ അധികം നല്‍കണമെന്നും പുതിയ നയത്തില്‍ പറയുന്നു.

Top