വാഗ്ദാനങ്ങള്‍ പാലിക്കാതെ ഡല്‍ഹി സര്‍ക്കാര്‍ ; കോമണ്‍വെല്‍ത്ത് താരത്തിന്റെ അവാര്‍ഡ് തുക നല്‍കിയില്ല

Manika-Batra

ന്യൂഡല്‍ഹി : ടേബിള്‍ ടെന്നീസ് താരമായ മണിക ബത്രയോട് പുറംതിരിഞ്ഞ് ഡല്‍ഹി സര്‍ക്കാര്‍. 2018 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ അഭിമാനമായി മാറിയ ബത്രയ്ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഇതുവരെയും സര്‍ക്കാര്‍ പാലിച്ചില്ല. കോമണ്‍വെല്‍ത്ത് ഗെയിംസ് കഴിഞ്ഞ് മൂന്നുമാസത്തോളമായിട്ടും താരത്തിന് നല്‍കാമെന്നു പറഞ്ഞ അവാര്‍ഡ് തുക ഇതുവരെ നല്‍കിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡല്‍ഹി സ്വദേശിയായ മണിക ബത്ര കോമണ്‍വെല്‍ത്തില്‍ രണ്ട് സ്വര്‍ണവും, ഒരു വെള്ളിയും വെങ്കലവുമാണ് ടേബിള്‍ ടെന്നീസില്‍ സ്വന്തമാക്കിയത്. ഡല്‍ഹി സര്‍ക്കാരിന്റെ നിലവിലുള്ള നിയമം അനുസരിച്ച് കോമണ്‍വെല്‍ത്തില്‍ സ്വര്‍ണം നേടിയ താരങ്ങള്‍ക്ക് 14ലക്ഷവും, വെള്ളി നേടിയവര്‍ക്ക് 10 ലക്ഷവും, വെങ്കലം നേടിയവര്‍ക്ക് 6 ലക്ഷവുമാണ് അവാര്‍ഡ് നല്‍കുക. മറ്റ് സംസ്ഥാനങ്ങളായ തമിഴ്‌നാട്, ഹരിയാന സര്‍ക്കാര്‍ ഇതിലും കൂടുതല്‍ തുകയാണ് കായിക താരങ്ങള്‍ക്ക് ഉപഹാരമായി നല്‍കുന്നത്. ഹരിയാനയില്‍ സ്വര്‍ണം നേടുന്ന കായിക താരത്തിന് 1.5 കോടി രൂപയും, തമിഴ്‌നാട്ടില്‍ 50 ലക്ഷവുമാണ് ഉപഹാരതുക.

അതേസമയം മണികയുടെ ഫയല്‍ തങ്ങള്‍ ക്യാബിനറ്റിന്റെ അംഗീകാരത്തിനായി അയച്ചിട്ടുണ്ടെന്നും ഉടന്‍ തന്നെ അത് ലഭ്യമാവുമെന്നും ഡല്‍ഹി ഡപ്യൂട്ടി ഡയറക്ടര്‍ ഓഫ് എജ്യുക്കേഷന്‍ (സ്‌പോര്‍ട്‌സ്) ധര്‍മേന്ദ്രര്‍ സിങ് വ്യക്തമാക്കി.

Top