ചികിത്സ ഡല്‍ഹിക്കാര്‍ക്ക് മാത്രം; കെജ്രിവാളിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാരിന്റെ കീഴിലുള്ള എല്ലാ ആശുപത്രികളിലും ചില സ്വകാര്യ ആശുപത്രികളിലും ഡല്‍ഹിയില്‍ താമസിക്കുന്നവര്‍ക്കു മാത്രമേ ചികില്‍സ നല്‍കൂവെന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രഖ്യാപനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി.

ഡല്‍ഹിക്കാര്‍ക്ക് മാത്രം ചികിത്സ നല്‍കാനുള്ള തീരുമാനം ശരിയല്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുംബൈയിലെ ആശുപത്രികളില്‍ മുംബൈക്കാര്‍ക്കും കൊല്‍ക്കത്തയിലെ ആശുപത്രികളില്‍ കൊല്‍ക്കത്തക്കാര്‍ക്കും മാത്രം ചികിത്സ നല്‍കിയാല്‍ മതിയോയെന്നും ഇന്ത്യയില്‍ വിസ സംവിധാനമില്ലെന്ന് കെജ്രിവാള്‍ ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ഡല്‍ഹിക്കാര്‍ക്ക് മാത്രമാണ് ചികിത്സ നല്‍കുക. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള രോഗികളെക്കൊണ്ട് ഡല്‍ഹിയിലെ ആശുപത്രികള്‍ നിറഞ്ഞെന്നുമാണ് കെജ്രിവാള്‍ വ്യക്തമാക്കിയിരുന്നത്.അതേസമയം, കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആശുപത്രികളില്‍ എല്ലാവര്‍ക്കും ചികിത്സ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Top