കേന്ദ്ര ഓർഡിനൻസ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി സർ‌ക്കാർ സുപ്രീംകോടതിയിൽ

ന്യൂഡൽഹി : ഡൽഹി സർക്കാരിനെതിരെ കേന്ദ്ര സർക്കാർ കൊണ്ടു വന്ന ഓർഡിനൻസ് നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. ഓർഡിനൻസ് ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണ്. സർക്കാരിന് അനകൂലമായ വിധി മറികടക്കാനാണ് കേന്ദ്രം ഓർഡിനൻസ് കൊണ്ടുവന്നതെന്നും ഡൽഹി സർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കി.

ഡൽഹി സർക്കാരിനു കീഴിലുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലംമാറ്റം എന്നിവയ്‌ക്കു പ്രത്യേക അതോറിറ്റി രൂപീകരിക്കുകയായിരുന്നു കേന്ദ്രസർക്കാർ. ഡൽഹി സർക്കാരിന്റെ വിവിധ വകുപ്പുകളിൽ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ നിയന്ത്രണാധികാരം ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണെന്നും ദേശീയ തലസ്ഥാന പ്രദേശത്തെ (എൻസിടി) പൊതുസമാധാനം, പൊലീസ്, ഭൂമി, എന്നിവ ഒഴികെയുള്ള സേവനങ്ങള്‍ സർക്കാരിന്റെ അധികാരപരിധിയിലാണെന്നും സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് മേയ് 11ന് ഏകകണ്ഠമായി വിധിച്ചിരുന്നു. ഇതിനെ മറികടക്കാനാണു കേന്ദ്രസർക്കാർ ഓർഡിനൻസ് ഇറക്കിയത്.

ഉദ്യോഗസ്ഥ നിയമനം, സ്ഥലംമാറ്റം എന്നിവയ്‌ക്കായി രൂപീകരിക്കുന്ന അതോറിറ്റിയിൽ മുഖ്യമന്ത്രിയെ കൂടാതെ സംസ്ഥാന ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവരാണുള്ളത്. ലഫ്. ഗവർണർക്ക് അനുകൂലമായി നിൽക്കുന്നവരാണു സംസ്ഥാന ചീഫ് സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും. വിയോജിപ്പുണ്ടായാൽ അന്തിമ തീരുമാനം ലഫ്. ഗവർണറുടേതാണെന്നും ഓർഡിനൻസിൽ വ്യക്തമാക്കുന്നുണ്ട്.

Top